കാളകളോടൊപ്പം ചെളിയിലൂടെ ഓടിയത് മിന്നൽ വേഗത്തിൽ; ഇത് ഉസൈൻ ബോൾട്ടിന്റെ പകരക്കാരനോ…
ചരിത്രങ്ങൾ തിരുത്തിക്കുറിച്ച ലോകത്തെ വേഗരാജാവാണ് ഉസൈൻ ബോൾട്ട്. ഉസൈൻ ബോൾട്ടിനെ വെല്ലുന്ന ഓട്ടക്കാരെ ഇതുവരെ ലോകം കണ്ടിട്ടില്ല… എന്നാൽ ഉസൈൻ ബോൾട്ടിനെ വെല്ലുന്ന മറ്റൊരു ഓട്ടക്കാരനാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കർണാടകയിലെ കാള ഓട്ടക്കാരൻ ശ്രീനിവാസ ഗൗഡയാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ ആകർഷിക്കുന്നത്. ഉഡുപ്പിയിൽ കഴിഞ്ഞ ദിവസം നടന്ന കാളപ്പൂട്ട് മത്സരത്തിനിടെയാണ് ശ്രീനിവാസ ഗൗഡയെ ലോകം ശ്രദ്ധിച്ചത്. കാളകളുമായി 142.5 മീറ്റർ ദൂരമാണ് ശ്രീനിവാസ ഗൗഡ 13.62 സെക്കന്റിൽ ഓടിയത്. ഇതിൽ 100 മീറ്റർ ദൂരം പിന്നിട്ടത് 9.55 സെക്കന്റിലാണ്. ലോകറെക്കോർഡ് ജേതാവ് ഉസൈൻ ബോൾട്ട് 100 മീറ്റർ ദൂരം പിന്നിട്ടത് 9.58 സെക്കന്റിലാണ്.
ഇതോടെ ഉസൈൻ ബോൾട്ടിനെ കടത്തിവെട്ടുന്ന പ്രകടമാണ് ശ്രീനിവാസ ഗൗഡയുടേതെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. ബോൾട്ടുമായി ഇദ്ദേഹം മത്സരത്തിനിറങ്ങിയാൽ ശ്രീനിവാസ ഗൗഡ തന്നെയായിരിക്കും വിജയിക്കുക എന്നും സൈബർ ലോകം അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം ട്രാക്കിലൂടെ ഓടുന്നതിനേക്കാൾ ഏറെ ബുദ്ധിമുട്ട് ചെളിയിലൂടെ ഓടുന്നതാണെന്നും സോഷ്യൽ മീഡിയ സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടി.
സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച ശ്രീനിവാസ ഗൗഡ ആറു വർഷങ്ങൾ മുൻപാണ് കാള ഓട്ട മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. ഇതുവരെയുള്ള മത്സരങ്ങളിലെ എല്ലാ റെക്കോർഡുകളും തകർക്കുന്ന പ്രകടനമാണ് ശ്രീനിവാസ ഗൗഡയുടേത്. ഇതുവരെ ഏകദേശം 12 മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇതിൽ നിന്നും മാത്രമായി 29 റെക്കോർഡുകൾ ശ്രീനിവാസ സ്വന്തമാക്കിയിട്ടുണ്ട്. ചെറുപ്പം മുതൽ ഇതിലാണ് തന്റെ താത്പര്യമെന്നും, എല്ലാ വിജയങ്ങളുടെയും ക്രെഡിറ്റ് തന്റെ കാളകൾക്കാണെന്നും അദ്ദേഹം പറഞ്ഞു.