അധ്യാപകന്റെ നഷ്ടപ്പെട്ട ഷൂവിന് പകരം പുതിയത് വാങ്ങിനൽകി വിദ്യാർത്ഥികൾ; ആർദ്രം ഈ വീഡിയോ

February 7, 2020

പലപ്പോഴും മുതിർന്നവരേക്കാൾ വിവേകപൂർവ്വം കുട്ടികൾ പെരുമാറുന്നത് കണ്ട് അത്ഭുതം തോന്നാറുണ്ട്. ഇത്തരത്തിൽ നന്മ നിറഞ്ഞ ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നതും. ഇപ്പോഴിതാ അധ്യാപകന്റെ നഷ്ടപ്പെട്ട ഷൂവിന് പകരം വിദ്യർത്ഥികൾ പുതിയത് വാങ്ങി നൽകുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇടം നേടുന്നത്.

യു എസിലാണ് സംഭവം നടക്കുന്നത്. ഈ വിദ്യർത്ഥികളുടെ നല്ല മനസിനെ ഇരു കരങ്ങളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ലോകം മുഴുവനുമുള്ള സോഷ്യൽ മീഡിയ സുഹൃത്തുക്കൾ. രണ്ട് ആഴ്ചകൾക്ക് മുൻപാണ് അധ്യാപകന്റെ ഷൂ സ്കൂളിൽ നിന്നും മോഷണം പോയത്. ഇതോടെ വിദ്യാർത്ഥികൾ തങ്ങളുടെ പണം സ്വരുക്കൂട്ടിവെച്ച് പുതിയൊരു ഷൂ അധ്യാപകനായി വാങ്ങുകയായിരുന്നു.

ഒരു കവറിൽ നിന്നും അധ്യാപകൻ ഷൂ എടുക്കുന്നതും, അതിനൊപ്പം ഒരു കത്ത് എടുത്ത് വായിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. ഇത് കണ്ട് കണ്ണ് നിറയുന്ന അധ്യാപകൻ വിദ്യാർത്ഥികളെ ചേർത്തുനിർത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

എമ്മ മിച്ചൽ എന്ന വിദ്യാർത്ഥിയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതിനോടകം നിരവധിപ്പേരാണ് ഈ വിദ്യർത്ഥികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ജനുവരി 29 ന് പങ്കുവെച്ച വീഡിയോ ഇതിനോടകം 4.5 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു.

https://twitter.com/EmmaxMitchell/status/1222242031445004288?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1222242031445004288&ref_url=https%3A%2F%2Fwww.asianetnews.com%2Fnews%2Fviral-news%2Fstudents-gift-teacher-shoes-after-his-got-stolen-in-us-q56iwp