സഞ്ചാരികളുടെ ഇഷ്ട വിഹാരകേന്ദ്രമായി മാച്ചു പിച്ചു എന്ന മഹാത്ഭുതം
സഞ്ചാരികളുടെ ഇഷ്ട പ്രദേശമാണ് പേരിൽ തന്നെ കൗതുകമൊളിപ്പിച്ച മാച്ചു പിച്ചു. പെറു എന്ന രാജ്യത്താണ് മാച്ചു പിച്ചു സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച പുരാതന നിർമിതിയാണ് മാച്ചു പിച്ചു.
മാച്ചു പിച്ചുവിന്റെ നിർമ്മാണരീതിയാണ് വിനോദസഞ്ചാരികളെ അവിടേക്ക് ആകർഷിക്കുന്നതും. തുടർച്ചയായി ഭൂചലനങ്ങൾ സംഭവിക്കുന്ന നാടാണ് പെറു. അതുകൊണ്ടുതന്നെ ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്ന രീതിയിലാണ് മാച്ചു പിച്ചുവിന്റെ നിർമാണം. 8,000 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1460 കളിലാണ് മാച്ചു പിച്ചുവിന്റെ നിർമാണം.
കിഴുക്കാംതൂക്കായ മലനിരകളുടെ നടുവിലാണ് മാച്ചു പിച്ചു നിർമിച്ചിരിക്കുന്നത്. കല്ലുകൊണ്ടാണ് മാച്ചു പിച്ചു നിർമ്മിച്ചിരിക്കുന്നത്. ഭൂമിയുടെ ചരിവിന് അനുസൃതമായി കെട്ടിപ്പൊക്കിയ പുരാതന നഗരമാണിത്. പല വലുപ്പത്തിലും ആകൃതിയിലുമുള്ള കല്ലുകൾ ചെത്തി മിനുക്കിയാണ് ഇതിന്റെ സൃഷ്ടി. കല്ലുകൾ കൂട്ടിയോജിപ്പിക്കാൻ യാതൊന്നും ഉപയോഗിച്ചിട്ടില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. (‘അഷ്ലർ ‘എന്നാണ് ഇത്തരം നിർമിതികളെ വിളിക്കുന്നത്.)
മാച്ചു പിച്ചുവിന്റെ ഏറ്റവും മുകളിലാണ് പ്രധാന നിർമ്മിതി. പല വലുപ്പത്തിലും ആകൃതിയിലുമുള്ള കെട്ടിടങ്ങളാണ് മാച്ചു പിച്ചുവിൽ സ്ഥിതി ചെയ്യുന്നത്. കാഴ്ചക്കാരുടെ കണ്ണുകളിൽ അത്ഭുതം വിടർത്തുന്ന ഈ കെട്ടിടം എന്തിനുവേണ്ടി നിർമിച്ചെന്നോ എങ്ങിനെ നിർമിച്ചെന്നോ ഉള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത ഇല്ല.
അതേസമയം ഈ കെട്ടിടത്തിൽ ഏകദേശം അഞ്ഞുറോളം ആളുകൾ താമസിച്ചിരുന്നു. കാർഷിക, നിർമാണ മേഖലകളിൽ അവിശ്വസനീയമായ പുരോഗതി നേടിയവരായിരുന്നു ഇവിടുത്തെ ജനങ്ങൾ. ഇവിടെ താമസിച്ചിരുന്ന ഓരോ കുടുംബവും തങ്ങൾക്കുവേണ്ട ഭക്ഷണവും മറ്റെല്ലാ വസ്തുക്കളും സ്വയം ഉൽപാദിപ്പിച്ചിരുന്നു.
ഇൻകകളുടെ” നഷ്ടപ്പെട്ട നഗരം” എന്നതാണ് മാച്ചു പിച്ചുവിന്റെ മറ്റൊരു പേര്. കൊളംബിയൻ കാലഘട്ടത്തിനു മുൻപ് ഉണ്ടായിരുന്ന സാമ്രാജ്യമാണ് ഇൻകൻ. തെക്കേ അമേരിക്കയിലെ ആൻഡീസ് മലനിരകൾ മുതൽ സമുദ്രാതിർത്തിവരെ വ്യാപിച്ചു കിടക്കുന്നതാണ് ഇൻകാ സാമ്രാജ്യം.
1500 കളിലെ സ്പാനിഷ് അധിനിവേശം ഇൻകാ സാമ്രാജ്യത്തെ തകർത്തു. ഇൻകാ നിർമിതികളും ഈ സമയത്തു നശിപ്പിക്കുകയുണ്ടായി. ഇൻകാ സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും അവിടെ ചിലയിടങ്ങളിൽ കാണാൻ സാധിക്കും.
അതേസമയം ആ കാലഘട്ടങ്ങളിൽ മാച്ചു പിച്ചു ആരാലും കണ്ടുപിടിക്കാൻ കഴിയാതെ വന്നതിനാൽ ഇപ്പോഴും നിലനിൽക്കുന്നു. പിന്നീട് 1911- ൽ ഹിറം ബിൻഘാം എന്ന അമേരിക്കൻ ചരിത്രാദ്ധ്യാപകൻ മാച്ചു പിച്ചു കണ്ടെത്തി ലോകത്തിനു മുന്നിൽ എത്തിക്കുകയായിരുന്നു. 600 ഓളം ടെറസ്സുകളാണ് മാച്ചു പിച്ചുവിനുള്ളത്. മാച്ചു പിച്ചുവിന്റെ ജനാലകൾ എല്ലാം ട്രാപ്സോയിഡ് ആകൃതിയിലാണ് നിർമിച്ചിരിക്കുന്നത്. മഴയത്തു വെള്ളം കെട്ടിനിൽക്കാത്ത തരത്തിലുള്ള ഡ്രൈനേജ് സിസ്റ്റവുമുണ്ട് മാച്ചു പിച്ചുവിൽ.
ഹുയാനപിച്ചു, സൺഗേറ്റ്, ഇൻകാ ബ്രിഡ്ജ് തുടങ്ങിയ ഹൈക്കിങ് സ്പോട്ടുകളും മാച്ചു പിച്ചുവിന് അടുത്തായി സ്ഥിതിചെയ്യുന്നു. മാച്ചു പിച്ചുവിന്റെ പുറകിലായി കാണുന്ന മലയാണ് ഹുയാനപിച്ചു. വർഷങ്ങൾക്കു മുൻപ് ഇൻകകൾ മാച്ചു പിച്ചുവിലേക്കു നിർമിച്ച വഴിയാണ് സൺഗേറ്റ്. ഇൻകാ ട്രെയിൽ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്തുള്ള ഹൈക്കിങ് ട്രെയിലാണ്. പെറു ഗവൻമെന്റാണ് ട്രെയിൽ നിയന്ത്രിക്കുന്നത്. മാച്ചു പിച്ചുവിലേക്കുള്ള നാലു ദിവസം നീളുന്ന പുരാതന ട്രെയിൽ യാത്രയും വളരെ പ്രസിദ്ധമാണ്.