എളുപ്പത്തിൽ തയാറാക്കാം തക്കാളി ഫേസ്പാക്ക്
ഭക്ഷണത്തിന് സ്വാദ് കൂട്ടാൻ മാത്രമല്ല സൗന്ദര്യത്തിനും ബെസ്റ്റാണ് തക്കാളി. കാലാവസ്ഥയുടെ വ്യതിയാനത്തിനനുസരിച്ച് ചർമ്മത്തിനുണ്ടാകുന്ന രോഗങ്ങൾ പലപ്പോഴും ആളുകളിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. കൂടുതലായും കൗമാരക്കാരെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അലട്ടാറുള്ളത്. വരണ്ട ചർമവും കുരുക്കളുമൊക്കെ പലപ്പോഴും മുഖത്തിന്റെ ഭംഗി നശിപ്പിക്കാറുണ്ട്. ചര്‍മ്മസംരക്ഷണത്തിന് നിരവധി ഫേസ് പാക്കുകള്‍ ഇന്നുണ്ട്. മുഖക്കുരു, വരണ്ട ചര്‍മ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നീ പ്രശ്നങ്ങള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പമാർഗങ്ങളും ഉണ്ട്.
ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ തക്കാളി ആരോഗ്യം മാത്രമല്ല, സൗന്ദര്യവും തരും. തക്കാളി ഫേസ് പായ്ക്കുകള്‍ ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്. മുഖത്തെ കരുവാളിപ്പ് മാറ്റാൻ പ്രയോഗിക്കാവുന്ന എളുപ്പമാർഗങ്ങളിൽ ഒന്നാണ് തക്കാളി.
തക്കാളി ഫേസ്പാക്ക് തയാറാക്കാം
1. തക്കാളി ഫേസ്പാക്ക്
അല്പം ചെറുപയർപൊടിയും മഞ്ഞൾപൊടിയും ചേർത്ത മിശ്രിതത്തിലേക്ക് ഒരു കഷണം തക്കാളി എടുത്തശേഷം ഇതില്‍ മുക്കി മുഖത്ത് നല്ലവണ്ണം തേച്ചുപിടിപ്പിക്കാം. പത്തോ പതിനഞ്ചോ മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാം. ചെറുനാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിച്ച മിശ്രിതം തക്കാളിയുമായി ചേർത്ത് സ്ക്രബ്ബ് ചെയ്യുക. കുറച്ച് സമയത്തിന് ശേഷം കുറച്ച് തക്കാളി നീരെടുത്ത് അതിലേക്ക് രണ്ട് ടീസ്പൂണോളം കട്ടത്തൈരും ഒരു പകുതി ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് തേയ്ച്ചുപിടിപ്പിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്.
2. എണ്ണമയമുള്ള ചർമ്മത്തിന് അനുയോജ്യമായ ഫേസ്പാക്ക്
കുറച്ച് തക്കാളി നീര് എടുക്കുക അതിലേക്ക് കുക്കുംബര്‍ നീരും തേനും സമം ചേര്‍ക്കണം. ഇത് നന്നായി മിക്സ് ചെയ്തശേഷം മുഖത്തും കഴുത്തിലും നന്നായി തേച്ച് പിടിപ്പിക്കാം. 20 മിനുട്ട് കഴിയുമ്പോള്‍ ഇത് കഴുകി കളയാം. മുഖത്തെ എണ്ണമയം അകറ്റുന്നതിനോടൊപ്പം മുഖക്കുരു തടയുന്നതിനും ഈ ഫേസ്പായ്ക്ക് ഗുണകരമാണ്.
3. വരണ്ട ചർമ്മത്തിന് അനുയോജ്യമായ ഫേസ്പാക്ക്
തക്കാളി മുറിച്ചെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. രണ്ടും കൂടി നന്നായി മിക്സ് ചെയ്ത ശേഷം മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കണം. 15-20 മിനുട്ടിന് ശേഷം മുഖം ചെറു ചൂട് വെള്ളത്തില്‍ കഴുകാം. ചര്‍മ്മം മൃദുവാകുന്നതിനൊപ്പം ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും ഈ പേസ്പായ്ക്ക് സഹായിക്കും.