വനിതാ ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം
വനിതാ ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് വിജയത്തുടക്കം. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 17 റണ്‍സിന്റെ വിജയമാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ നേടിയത്. പൂനം യാദവാണ് മത്സരത്തിലെ താരം.
ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 132 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 19.5 ഓവറില്‍ 115 റണ്‍സില്‍ കളം വിട്ടു. നാല് വിക്കറ്റ് നേടിയ പൂനം യാദവ് ആണ് ഇന്ത്യയുടെ വിജയത്തിന്റെ പകിട്ട് കൂട്ടിയത്.
നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 132 റണ്‍സ് നേടിയത്. ദീപ്തി ശര്‍മ്മയുടെ പ്രകടനം ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു. 46 പന്തില്‍ നിന്നുമായി 49 റണ്‍സ് ദീപ്തി ശര്‍മ്മ നേടി. ഷെഫാലി വര്‍മ്മ നേടിയ 29 റണ്‍സും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
ഇന്ത്യന്‍ പെണ്‍കരുത്തുകളുടെ ബൗളിങ് പ്രകടനത്തിന് മുന്‍പില്‍ ഓസീസ് പതറി. ഓസ്‌ട്രേലിയയുടെ രണ്ട് താരങ്ങള്‍ മാത്രമാണ് റണ്‍സില്‍ രണ്ടക്കം കടന്നത്. 133 റണ്‍സ് എന്ന വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഓസീസിന്റെ തുടക്കം മികച്ചതായിരുന്നു. എന്നാല്‍ ഈ മികവ് കളിയിലുടനീളം പുറത്തെടുക്കാന്‍ ഓസീസിനായില്ല. എലീസ ഹീലിയെ പുറത്താക്കിക്കൊണ്ട് തുടക്കം കുറിച്ച പൂനം യാദവിന്റെ പ്രകടനം ഇന്ത്യയ്ക്ക് കൂടുതല്‍ കുത്തേകി.