അന്ന് ജീവിക്കാന്‍ പാനിപൂരിയും പഴങ്ങളും വിറ്റുനടന്ന ബാലന്‍ പിന്നീട് സെഞ്ചുറി നേടിയപ്പോള്‍… ലക്ഷ്യത്തിലേക്ക് നടന്നു കയറാന്‍ ചെറുതല്ല യശ്വസി താണ്ടിയ ദൂരം

February 6, 2020

ചിലരങ്ങനെയാണ്. സ്വപ്‌ന സാക്ഷാത്കാരത്തിനു വേണ്ടി കഠിനമായി പരിശ്രമിക്കും. ജീവിതത്തിലെ വെല്ലുവിളികള്‍ക്കോ പ്രതിസന്ധികള്‍ക്കോ തളര്‍ത്താനാവില്ല ലക്ഷ്യത്തിലേക്കുള്ള ഇവരുടെ യാത്രയെ. പാകിസ്താനെതിരെ നടന്ന അണ്ടര്‍ 19 ലോകകപ്പ് സെമി-ഫൈനലില്‍ റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ യശ്വസി എന്ന കൗമാരക്കാരന് ഗാലറി ആര്‍പ്പുവിളിച്ചു. എന്നാല്‍ ലക്ഷ്യത്തിലേക്കെത്താന്‍ യശ്വസി താണ്ടിയത് ചെറിയ ദൂരമല്ല.

ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ആയിരുന്നു യശ്വസിയുടെ ജനനം. ഒരു ചെറിയ കടയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമായിരുന്നു യശ്വസിയുടെ പിതാവ് ജെയ്‌സ്വാള്‍ കുടുംബം പോറ്റിയത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കുക എന്നതായിരുന്നു കുട്ടിക്കാലം മുതല്‍ക്കെ ക്രിക്കറ്റിനെ സ്‌നേഹിച്ച യശ്വസിയുടെ ഏറ്റവും വലിയ സ്വപ്‌നവും.

ഈ സ്വപ്‌നവും ഹൃദയത്തില്‍ സൂക്ഷിച്ച് യശ്വസി തന്റെ പതിനൊന്നാം വയസ്സില്‍ മുംബൈയില്‍ എത്തി. അമ്മാവന്റെ വീട്ടിലായിരുന്നു താമസം. എന്നാല്‍ വീട്ടില്‍ നിന്നും ഗ്രൗണ്ടിലേക്കുള്ള ദൂരം പ്രശ്‌നമായതോടെ താമസം ഒരു ക്ഷീരോത്പാദന കടയിലേക്ക് മാറ്റി. കടയില്‍ തന്നാലാവുംവിധം ചെറിയ ജോലികള്‍ ചെയ്തുതുടങ്ങി യശ്വസി. എന്നാല്‍ ക്രിക്കറ്റ് പരിശീലനവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിച്ചില്ല. ഒരു ദിവസം പരിശീലനം കഴിഞ്ഞ് കടയിലെത്തിയ യശ്വസി കണ്ടത് തന്റെ പെട്ടിയും കിടക്കയും പുറത്ത് വെച്ചിരിക്കുന്നതാണ്. ഇതോടെ അവിടുത്തെ താമസവും അവസാനിപ്പിക്കേണ്ടി വന്നു.

തുടര്‍ന്നുള്ള ജീവിതം മുംബൈ ആസാദ് മൈതാനിയിലെ മുസ്ലീം യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലായിരുന്നു. മൂന്നു വര്‍ഷക്കാലം അവിടുത്തെ ടെന്റില്‍ താമസിച്ചു. ഇതിനിടയ്ക്ക് ആസാദ് മൈതാനത്ത് പാനിപൂരി കച്ചവടം നടത്തി, പഴങ്ങള്‍ വിറ്റു, ഹോട്ടലില്‍ റൊട്ടിയുണ്ടാക്കി, ക്ലീനിങ് ജോലി ചെയ്തു. എന്നാല്‍ കഷ്ടപ്പാടുകള്‍ക്കും വെല്ലുവിളികള്‍ക്കും ഇടയില്‍ തളരാതെ ക്രിക്കറ്റിനെ ചേര്‍ത്തുപിടിച്ചു.

Read more: “മണ്ണു വേണം പിന്നെ ഇലയും ഇതാണ് നമ്മുടെ കേക്ക്”; രസികന്‍ കുക്കറി ഷോയുമായി ഒരു കുട്ടി പാചകറാണി: വീഡിയോ

പരിശീലകന്‍ ജ്വല സിങ്ങുമായുമുള്ള കണ്ടുമുട്ടലായിരുന്നു യശ്വസിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. യശ്വസി മനോഹരമായി ബാറ്റ് ചെയ്യുമെന്ന് തിരിച്ചറിഞ്ഞ ജ്വാല സിങ് അവന് ക്രിക്കറ്റില്‍ മികച്ച ഭാവിയുണ്ടെന്ന് തിരിച്ചറിഞ്ഞു. 2015-ല്‍ മുംബൈയില്‍ സ്‌കൂള്‍തലത്തില്‍ നടന്ന ഗില്‍സ് ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പുറത്താകാതെ 319 റണ്‍സ് നേടിക്കൊണ്ട് യശ്വസി താരമായി. വാര്‍ത്ത മാധ്യമങ്ങളിലും ഈ പ്രകടനം നിറഞ്ഞു നിന്നു. പിന്നീട് പലപ്പോഴും യശ്വസിയുടെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടി.

പാകിസ്താനെതിരെ നടന്ന അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ സമൂഹമാധ്യമങ്ങളും ഈ കായികതാരത്തെ ഏറ്റെടുത്തു. ‘ഞാന്‍ സ്വപ്‌നം കണ്ടത് നടന്നു’ എന്നാണ് പാകിസ്താനെതിരെ സെഞ്ചുറി നേടിയപ്പോള്‍ യശ്വസി പറഞ്ഞത്. ഐപിഎല്‍ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് 2.40 കോടി രൂപയ്ക്കാണ് യശ്വസിയെ സ്വന്തമാക്കിയത്.

ചെറിയ പ്രതിസന്ധികള്‍ക്ക് മുമ്പില്‍ ലക്ഷ്യത്തെ ത്യജിക്കുന്നവര്‍ക്ക് പ്രചോദനമാകുകയാണ് യശ്വസിയുടെ ജീവിതം….