ജ്വലിക്കുന്ന അഗ്നിപര്‍വ്വതത്തിനു മുകളിലൂടെ ഒരു ‘ഞാണിന്മേല്ക്കളി’; അത്ഭുതപ്പെടുത്തും ഈ ദൃശ്യങ്ങള്‍: വീഡിയോ
സാഹസികത ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട് നമുക്കിടയില്‍. ഒരല്പം വെറൈറ്റി എന്തിലും ഏതിലും പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍. ഇപ്പോഴിതാ അമേരിക്കക്കാരനായ നിക്ക് വലെന്ഡയുടെ സാഹസികതയാണ് കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നത്. നിക്കരാഗ്വായിലെ മസാന അഗ്നിപര്‍വ്വതത്തിനു മുകളിലൂടെയായിരുന്നു നിക്കിന്റെ ഈ സാഹസികത.
കത്തിജ്ജ്വലിക്കുന്ന അഗ്നിപര്‍വ്വതത്തിനു മുകളിലൂടെയുള്ള നൂല്‍പ്പാലത്തിലൂടെ നിക്ക് നടന്നുനീങ്ങുന്നതു കാണുമ്പോള്‍ കാഴ്ചക്കാരുടെ ഉള്ളുപോലും പിടയും. ആഞ്ഞുവീശുന്ന കാറ്റിനേപ്പോലും അതിജീവിച്ചുകൊണ്ടായിരുന്നു ഈ സാഹസിക നടത്തം. ഗ്യാസ് മാസ്കും പ്രത്യേകതരം കണ്ണടയും ധരിച്ചിരുന്നു നിക്ക്.
Read more: ആമയ്ക്ക് വിശന്നപ്പോള്‍ കഴിച്ചുകൊണ്ടിരുന്ന ആപ്പിള്‍ പങ്കിട്ട് നല്കി ചിമ്പാന്‍സി; വൈറല്‍ വീഡിയോ
31 മിനിറ്റും 23 സെക്കന്റുംകൊണ്ട് ഈ സാഹസിക ദൗത്യം നിക്ക് പൂര്‍ത്തിയാക്കി. നിക്കിന്റെ ഭാര്യ എരന്ട്രിയയും ഈ സാഹസികതയ്ക്ക് ഒപ്പമുണ്ടായിരുന്നു. അത്ഭുതപ്പെടുത്തുന്ന അഭ്യാസങ്ങളുമായിട്ടായിരുന്നു എരന്ട്രിയയുടെ നടത്തം.
ഇത് ആദ്യമായിട്ടല്ല നിക്ക് വലെന്‍ഡ ഇത്തരം സാഹസികതയിലൂടെ ശ്രദ്ധ നേടുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തിനു മുകളിലൂടെ നൂല്‍പ്പാലം കെട്ടി അതിലൂടെ നടന്ന ആദ്യത്തെയാള്‍ എന്ന ചരിത്രവും ഈ സാഹസികനുണ്ട്. പതിനൊന്ന് ഗിന്നസ് ലോക റെക്കോര്‍ഡുകളും നിക്ക് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.