ആ മഹാമാരിയുടെ കാലത്താണ് ഐസക് ന്യൂട്ടന്റെ വീട്ടുമുറ്റത്തെ മരത്തില്‍ നിന്നും ആപ്പിള്‍ താഴെ വീണതും ഗുരുത്വാകര്‍ഷണം തിരിച്ചറിയുന്നതും; ‘അത്ഭുതങ്ങളുടെ വര്‍ഷം’
‘കൊവിഡ് 19’ എന്ന മഹാമാരിക്കെതിരെ പൊരുതുകയാണ് ലോകം. രാജ്യങ്ങളെല്ലാം അതീവ ജാഗ്രതയില്‍. കൊറോണ വൈറസ് ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. എന്നാല്‍ ലോകത്ത് ഇത് ആദ്യമായല്ല മഹാമാരി പൊട്ടിപ്പുറപ്പെടുന്നത്. ഭയപ്പെടുത്തുന്ന തരത്തിലുള്ള പലതരം വൈറസ് രോഗങ്ങള്‍ മുന്‍പ് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മഹാമാരിയുടെ കാലത്താണ് ഐസക് ന്യൂട്ടണ്‍ എന്ന ശാസ്ത്രജ്ഞന് ഗുരുത്വാകര്‍ഷണ ബലം കണ്ടെത്തിയതും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലണ്ടനില്‍ പ്ലേഗ് പടര്‍ന്നു പിടിച്ച കാലം. അന്ന് തന്റെ യൗവനത്തിലായിരുന്നു ഐസക് ന്യൂട്ടണ്‍. ഗണിത ഭൗതിക ശാസ്ത്ര വിദഗ്ധന്‍. അക്കാലത്ത് ആശുപത്രികള്‍ അത്ര സജീവമായിരുന്നില്ല. മരുന്നുകളും കുറവ്. പ്ലേഗിന്റെ വ്യാപനം തടയാന്‍ ലണ്ടനില്‍ എല്ലാവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കി. രോഗം കൂടുതല്‍ ആളുകളിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ അതായിരുന്നു പോംവഴി.
അങ്ങനെ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍ പഠിച്ചുകൊണ്ടിരുന്ന ഐസക് ന്യൂട്ടണും തന്റെ വീട്ടിലെത്തി. ഒരു വര്‍ഷക്കാലമാണ് ഇത്തരത്തില്‍ വീട്ടില്‍ കഴിഞ്ഞത്. എന്നാല്‍ വീട്ടിലിരുന്നപ്പോഴും പഠനത്തെക്കുറിച്ചായിരുന്നു അദ്ദേഹം ചിന്തിച്ചതു മുഴുവന്‍. കേംബ്രിഡ്ജില്‍ നിന്നും 60 മൈല്‍ ദൂരെയുള്ള വൂള്‍സ്റ്റേര്‍പ് മാനര്‍ എന്ന ഫാമിലി എസ്റ്റേറ്റിലായിരുന്നു ഐസക് ന്യൂട്ടന്റെ താമസം.
Read more: മഴ പെയ്യുമ്പോള്‍ ഉയരുന്നത് മനോഹര സംഗീതം; അതിശയമാണ് ഈ ബഹുനില കെട്ടിടം; വീഡിയോ
ഒരു ദിവസം വീട്ടിലെ കിടപ്പുമുറയില്‍ വിശ്രമിക്കുന്നതിനിടെ ജനാലയിലൂടെ പ്രകാശം വരുന്നത് അദ്ദേഹം കണ്ടു. ഉടനെ കൈയിലുണ്ടായിരുന്ന പ്രിസത്തിലൂടെ ആ സൂര്യപ്രകാശത്തെ അദ്ദേഹം നിരീക്ഷിച്ചു. ഒരു ചെറിയ ദ്വാരത്തിലൂടെ ഒരു ബീം മാത്രമാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ഇതില്‍ നിന്നുമാണ് ഒപ്റ്റിക്സിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തിയത്.
മറ്റൊരു ദിവസം ജനാലയിലൂടെ നോക്കിയപ്പോഴാണ് സമീപത്തുള്ള മരത്തില്‍ നിന്നും ആപ്പിള്‍ താഴേയ്ക്ക് പതിക്കുന്നത് ശ്രദ്ധിച്ചത്. എന്തുകൊണ്ടാണ് അത് മുകളിലേയ്ക്ക് പോകാതെ താഴേയ്ക്ക് പതിച്ചത് എന്ന ചിന്തയില്‍ നിന്നുമാണ് ഗുരുത്വാകര്‍ഷണത്തെക്കുറിച്ചും ചലനത്തെക്കുറിച്ചുമുള്ള സിദ്ധാന്തങ്ങള്‍ ഐസക് ന്യൂട്ടണ്‍ രൂപപ്പെടുത്തിയത്. ഒരു വര്‍ഷക്കാലം വീട്ടിലിരുന്ന അദ്ദേഹം ആ വര്‍ഷത്തെ അത്ഭുതങ്ങളുടെ വര്‍ഷം എന്നാണ് പിന്നീട് വിശേഷിപ്പിച്ചത്.