കൊവിഡ് 19: യാത്രാവിവരം മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും; വിവാഹ ചടങ്ങുകള്‍ മാറ്റിവയ്ക്കാനും നിര്‍ദ്ദേശം
കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം കൂടുതല്‍ ജാഗ്രതയില്‍. വിദേശത്തു നിന്നും കേരളത്തിലെത്തുന്നവര്‍ യാത്രാവിവരങ്ങള്‍ മറച്ചുവെച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ ഭയമല്ല വേണ്ടത് കനത്ത ജാഗ്രതയാണെന്നും ആരോഗ്യവകുപ്പ് ഓര്‍മ്മപ്പെടുത്തുന്നു.
ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ പൊതുജന ആരോഗ്യനിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
Read more: ‘കൊവിഡ് 19’: കോഴിക്കോട്- സൗദി കണക്ടിങ് സര്‍വീസുകള്‍ റദ്ദാക്കി
പത്തനംതിട്ട ജില്ലയില്‍ നടത്താനിരിക്കുന്ന വിവാഹങ്ങള്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവയ്ക്കണമെന്നും അല്ലെങ്കില്‍ വളരെ കുറച്ച് ആളുകളെ മാത്രം ഉള്‍പ്പെടുത്തി മതചടങ്ങ് മാത്രം നടത്തി വിരുന്ന് സത്കാരം ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു.
അതേസമയം പത്തനംതിട്ട ജില്ലയില്‍ രോഗബാധിതരായ രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയോധികരായ ഇവര്‍ക്ക് കൂടുതല്‍ മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.