പായല്‍ പിടിച്ച പണിതീരാത്ത വീടും തൊണ്ടിമുതല്‍ അന്വേഷിച്ച പൊലീസ് സ്റ്റേഷനും: ചെറുതല്ല ജ്യോതിഷ് ശങ്കറിന്റെ കരവിരുത്
സിമന്റ് തേക്കാത്ത ഇഷ്ടിക ചുമര്, ചുമരിലാണെങ്കിലോ നിറയെ പായലും പൂപ്പലും, മറകെട്ടിയത് നെറ്റുകൊണ്ട്, ‘പഞ്ചായത്തിലെതന്നെ ഏറ്റവും മോശപ്പെട്ട വീട്’… ഈ വാചകങ്ങള്‍ മാത്രം മതി പറഞ്ഞുവരുന്നത് ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിലെ ആ പണിതീരാത്ത വീടിനെക്കുറിച്ചാണെന്ന് മനസിലാക്കാന്‍. ഒരു പക്ഷെ സിനിമയിലെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളേയും പോലെത്തന്നെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ ഒന്നാണ് കുമ്പളങ്ങി നൈറ്റ്സിലെ അടച്ചുറപ്പില്ലാത്ത വീടും.
നാല് സഹോദരന്മാര് കഴിയുന്ന ആ വീട് സിനിമയ്ക്കു വേണ്ടി നിര്‍മിച്ചെടുത്തതാണെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ അത്ഭുതവും കൗതുകവുമൊക്കെയായിരിക്കും മനസ്സില്‍ തോന്നുക. കാരണം അത്രമേല്‍ സൂക്ഷ്മതയോടെയാണ് വീട്ടിലെ പൊട്ടും പൊടിയും വരെ നിര്‍മിച്ചെടുത്തത്. ഈ ഒരു വീട് മാത്രം മതി ആര്‍ട് ഡയറക്ടറായ ജ്യോതിഷ് ശങ്കര്‍ എന്ന പ്രതിഭാശാലിക്ക് നിറഞ്ഞ കൈയടി നല്കാന്.
സിനിമയിലേക്കുള്ള അരങ്ങേറ്റം…
ജ്യോതിഷ് ശങ്കര്‍ കരവിരുതില്‍ മനോഹരങ്ങളായ ശില്പങ്ങള് സൃഷ്ടിച്ചെടുക്കുന്ന കാലം. ശില്പിയാണെങ്കിലും ഉള്ളിലുള്ള മോഹം എന്നും സിനിമതന്നെ. ഒരിക്കല്‍ തിരുവനന്തപുരത്ത് സുഹൃത്തായ ശരത് കെ ലത്തീഫുമായി സംസാരിക്കുന്നതിനിടെയിലും സിനിമയിലേക്ക് എത്തുക എന്ന ആഗ്രഹം കടന്നെത്തി. അങ്ങനെ ശരത്തിന്റെ സുഹൃത്തായിരുന്ന ആര്‍ട് ഡയറക്ടറായ സാലു കെ ജോര്‍ജിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ അസിസ്റ്റന്റായി സിനിമയിലേക്കെത്തുകയും ചെയ്തു. സലീം കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘ആദാമിന്റെ മകന് അബു’ എന്ന ചിത്രത്തിലൂടെ സ്വന്തമായി കലാസംവിധാനം നിര്‍വഹിച്ചുകൊണ്ട് ജ്യോതിഷ് ശങ്കര്‍ മലയാള സിനിമയില്‍ ചുവടുറപ്പിച്ചു.
കുമ്പളങ്ങിയിലെ പണിതീരാത്ത വീടും തൊണ്ടിമുതല്‍ അന്വേഷിച്ച പൊലീസ് സ്റ്റേഷനും
കൊച്ചിയിലെ പള്ളിത്തോട് എന്ന സ്ഥലത്താണ് ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയ്ക്ക് വേണ്ടി വീട് സെറ്റ് ചെയ്തത്. സംവിധായകന് മധു സി നാരായണനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും പറഞ്ഞത് അനുസരിച്ചായിരുന്നു വീടിന്റെ നിര്‍മാണം. വീടിന് പഴക്കം തോന്നാന്‍ വേണ്ടി പായല്‍ പിടിപ്പിച്ചിരുന്നു. സിനിമയ്ക്കു വേണ്ടിത്തന്നെ ആര്‍ട് ഡയറക്ടര്‍ ജ്യോതിഷ് ശങ്കറും സംഘവും വളര്‍ത്തിയെടുത്തതാണ് ആ പായല്‍ പോലും.
ഇന്ദ്രന്‍സിനെ നായകനാക്കി ഡോക്ടര്‍ ബിജു സംവിധാനം നിര്‍വഹിച്ച ‘വെയില് മരങ്ങള്‍’ എന്ന ചിത്രത്തിലും ജ്യോതിഷ് ശങ്കറിന്റെ കരവിരുത് എടുത്തുപറയേണ്ടതാണ്. മണ്‍റോ തുരുത്തും ഹിമാലയവുമൊക്കെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. വേറിട്ട കാലാവസ്ഥകള്‍ക്ക് അനുസരിച്ച് വ്യത്യസ്ത വീടുകള്‍ സിനിമയില്‍ ഇടം നേടിയിട്ടുണ്ട്. ഈ വീടുകളെല്ലാം കലാസംവിധായകന്റെ മികവാര്‍ന്ന സൃഷ്ടികളാണ്. വെള്ളംകേറിയ വീടും, മഞ്ഞ് പുതച്ച വീടുമെല്ലാം സിനിമയിലെന്നപോലെ പ്രേക്ഷക ഹൃദയങ്ങളിലും ഇടം നേടി.
ജ്യോതിഷ് ശങ്കര്‍ പ്രതിഭ തെളിയിച്ച മറ്റൊരു ചിത്രമാണ് ‘വൈറസ്’. നിപാ വൈറസിനെ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയും ഗെസ്റ്റ് ഹൗസുമെല്ലാം സിനിമയ്ക്കു വേണ്ടി സൃഷ്ടിച്ചെടുത്തവയാണ്. അതിഭാവുകത്വം തോന്നാത്തവിധം അത്രമേല്‍ സൂക്ഷ്മതയോടെ അവയെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സാധിച്ചു എന്നതില്‍ തെല്ലും സംശയമില്ല.
സുരാജ് വെഞ്ഞാറമൂടും ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ പൊലിസ് സ്റ്റേഷനും ജ്യോതിഷ് ശങ്കറിന്റെ കരവിരുതാണ്. പത്ത് ദിവസങ്ങള്‍ക്കൊണ്ടാണ് ഈ പൊലീസ് സ്റ്റേഷന് സൃഷ്ടിച്ചെടുത്തത്. ‘പത്തേമാരി’, ജോസഫ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’, ‘പ്രതി പൂവന് കോഴി’, ‘കാര്‍ബണ്‍’, ‘കുഞനന്തന്റെ കട’, തുടങ്ങി 43 സിനിമകളില്‍ തന്റെ നിറഞ്ഞ സാന്നിധ്യമറിയിച്ചിട്ടുണ്ട് ഈ കലാകാരന്.
ബാല്യത്തിലേ നെഞ്ചിലേറ്റി കലയെ…
കല രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട് എന്ന് ചിലരെക്കുറിച്ചൊക്കെ പറയാറില്ല ആര്‍ട് ഡയറക്ടര്‍ ജ്യോതിഷ് ശങ്കറിന്റെ ജീവിതത്തിലും ഈ പറച്ചില് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ചെറുപ്പം മുതല്ക്കേ കലയെ സ്നേഹിച്ചിരുന്നു ഇദ്ദേഹം. ബാല്യകാലം മുതല്ക്കേ ചിത്രം വരയില്‍ കേമന്‍. കുട്ടിക്കാലത്തുതന്നെ കരവിരുത് കൊണ്ട് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട് ജ്യോതിഷ്. അധ്യാപകനായ അച്ഛന് ആര് കെ ശങ്കര്‍, മകന്റെ ഇഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്ക്കും മികച്ച പിന്തുണയും പ്രോത്സാഹനവും നല്കി. മാവേലിക്കര ഫൈന്‍ ആര്‍ട്സ് കോളജില്‍ മകനെ ചേര്‍ത്തതും അച്ഛനാണ്. അമ്മ ശകുന്തളയും കലയോടുള്ള മകന്റെ സ്നേഹത്തെ നിറഞ്ഞ മനസ്സോടെ പ്രോത്സാഹിപ്പിച്ചു.
നഴ്സ് ആയ ദേവികയാണ് ജ്യോതിഷ് ശങ്കറിന്റെ ഭാര്യ. കലയെയും കലാസംവിധാനത്തെയുമൊക്കെ ഏറെ ഇഷ്ടപ്പെടുന്നുണ്ട് ദേവികയും. ചിത്രം വരയ്ക്കാറുള്ള ഭാര്യ നല്കുന്ന സപ്പോര്‍ട്ടും ചെറുതല്ല. സിനിമാ തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനു നല്‍കേണ്ട കരുതലും സ്നേഹവും മറക്കാറില്ല ഈ കലാകാരന്.
സിനിമയിലെ സ്വാതന്ത്ര്യം…
ക്രിയാത്മകതയ്ക്ക് നല്ല സ്വാതന്ത്ര്യം നല്‍കുന്നുണ്ട് മലയാള സിനിമ. അതുകൊണ്ടുതന്നെ സംവിധായകനും തിരക്കഥാകൃത്തും സിനിമയ്ക്ക് ആവശ്യമായ ആര്‍ട്ടിനെക്കുറിച്ച് വിശദമാക്കുമ്പോള്‍ അവയ്ക്കൊപ്പം സ്വന്തം ആശയങ്ങളും കലാസംവിധായകന്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നു. നല്ല സംവിധായകരുടെ നല്ല സിനിമകളില്‍ ഭാഗമാകണം എന്നതാണ് ജ്യോതിഷിന്റെ ആഗ്രഹം. സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഈ കലാകാരന് ഹൃദയംനിറഞ്ഞ അഭിമാനമാണ്.
പുരസ്കാര നിറവില്‍…
ഈ വര്‍ഷം ‘കുമ്പളങ്ങി നൈറ്റ്സ്’, ‘വൈറസ്’, ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’ എന്നീ ചിത്രങ്ങളിലെ കലാസംവിധാനത്തിന് മൂവീ സ്ട്രീറ്റ് അവാര്‍ഡും സിപിസി പുരസ്കാരവും ജ്യോതിഷ് ശങ്കറിനെ തേടിയെത്തി. മുന്‍പ് ‘പത്തേമാരി’ എന്ന ചിത്രത്തിന് രാമൂ കാര്യാട്ട് പുരസ്കാരവും ലഭിച്ചു. സംസ്ഥാന അവാര്‍ഡിലേക്കുള്ള ദൂരവും ചെറുതല്ല.
ഇനിയുമുണ്ട് ഒരു സ്വപ്നം…
കലാസംവിധാനത്തില്‍ കൈയടി നേടിയ ജ്യോതിഷ് ശങ്കര്‍ ഹൃദയത്തില്‍ താലോലിക്കുന്ന മറ്റൊരു സ്വപ്നം കൂടിയുണ്ട്. ഒരു മികച്ച സിനിമ സംവിധാനം ചെയ്യുക എന്ന വലിയ സ്വപ്നം. വര്‍ഷങ്ങളേറെയായി സിനിമാ സംവിധാനം എന്ന മനോഹര സ്വപ്നത്തെ ഈ കലാസംവിധായകന്‍ ഹൃദയത്തിലേറ്റാന്‍ തുടങ്ങിയിട്ട്. വൈകാതെതന്നെ ആ സ്വപ്നം സഫലമാകുമെന്ന പ്രതീക്ഷയിലാണ് ജ്യോതിഷ് ശങ്കര്‍ എന്ന അതുല്യ കലാകാരന്…