ദുരിതകാലത്തും നന്മയുടെ പ്രതീകങ്ങളായി ചില മനുഷ്യർ; ഹൃദയംതൊട്ട് ഒരു കുറിപ്പ്
ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിലാണ്. ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന നിരവധി ആളുകൾക്ക് സഹായ ഹസ്തവുമായി ചില നന്മ മനുഷ്യരും എത്തുന്നുണ്ട്. കൊറോണ വൈറസ് വിതച്ച ദുരിതത്തെത്തുടർന്ന് പലയിടങ്ങളിലും അവശ്യവസ്തുക്കളും ഇപ്പോൾ ലഭ്യമല്ല. ഈ അവസ്ഥയിൽ തങ്ങളെ സഹായിക്കാൻ എത്തിയ ആളെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയാണ് ജറുസലേമില് ജോലി ചെയ്യുന്ന മലയാളിയായ ആശ സൂനൻ എന്ന യുവതി.
“എന്റെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ വ്യക്തമായി കാണുന്ന ജ്യൂയിഷ് സെനഗോഗ് ആണിത് (പിൻഭാഗം) സാധാരണ ശനിയാഴ്ച്ചകളിൽ ശബ്ബത്തിന് വിശ്വാസികളായ എല്ലാവരും ഒത്തുകൂടി ചെറിയൊരു കല്യാണത്തിനുള്ള ആൾക്കൂട്ടം കാണുന്ന ഇടമാണ്. പക്ഷേ പകർച്ചവ്യാധിയുടെ ഗൗരവം മനസ്സിലാക്കിയതോടെ ഈ മാസം ഒന്നാം തിയതി മുതൽ ആരും പുറത്തിറങ്ങാതെയായി, പള്ളികൾ തുറന്നിട്ടാലും അതിനകത്ത് 5 പേരിൽ കൂടുതലാവാതെ അവർ സ്വയം നിയന്ത്രിക്കുന്നു. ലിഫ്റ്റിൽ പോലും സ്വന്തം ഫാമിലിയിൽ ഉള്ളവർ മാത്രമേ ഒന്നിച്ചു കയറൂ (ഇതൊക്കെ അവർ സ്വയം പാലിക്കുന്നതാണ്)
ഈ മാസം ആദ്യം ബാങ്കിൽ പോവാനായി പുറത്തിറങ്ങിയപ്പോൾ പുറം ലോകം കണ്ടതാണ് ഞാൻ, പ്രായമായ രോഗികളോടൊപ്പം താമസിക്കുന്നതിനാൽ റൂമിലേക്ക് വരുന്നവർ വാതിൽ മുട്ടി കാര്യങ്ങൾ അവിടെനിന്നു പറഞ്ഞു പോവും (നമ്മളും അവരും നമുക്ക് വേണ്ടി അത്രത്തോളം ശ്രദ്ധിക്കുന്നു). ഇത് തുടർന്നാൽ മനുഷ്യർ തമ്മിലുള്ള അദൃശ്യ മതിൽ മനസ്സുകളിലേക്കും പടരുമോ എന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു പക്ഷേ!!!
ഫ്രാൻസിലെ ജ്യൂയിഷ് ആളുകൾ താമസിക്കുന്ന ഫ്ലാറ്റിലാണ് ഞാൻ. ഭാഷ മനസ്സിലായില്ലേലും ഡോർ തുറക്കുമ്പോൾ മിക്കപ്പോഴും കാണുന്ന ഓപ്പോസിറ്റ് റൂമിലെ പ്രായമായൊരു മനുഷ്യനുണ്ട്, അവരുടെ ഭാഷയിൽ ഹായ് പറഞ്ഞു മനോഹരമായി പുഞ്ചരിക്കുന്ന ഒരാൾ. ഇത്രയധികദിവസം പരസ്പരം കാണാത്തതിനാൽ ഇന്നെന്റെ ഡോറിൽ മുട്ടി അദ്ദേഹം എന്തോ പറഞ്ഞു. വാതിൽ തുറന്നു നോക്കുമ്പോൾ വാതിക്കൽ ഒരു കവറുണ്ട്, അയാളുടെ റൂമിന്റെ മുന്നിൽ നിന്നുകൊണ്ട് ആ മനുഷ്യൻ ചിരിച്ചു കവർ എനിക്കുള്ളതാണെന്നു പറഞ്ഞു. അതെടുത്തു നോക്കുമ്പോൾ കുറച്ച് ഓറഞ്ച്, തക്കാളി, ഒരു ബോക്സ് ചോക്കലേറ്റ്. എന്റെ ഭക്ഷ്യസാധനങ്ങൾ തീർന്നു കാണുമോന്നുള്ള ആ മനുഷ്യന്റെ ആവലാതിയും ആരുമല്ലാത്ത എന്നോടുള്ള കരുതലുമാണ് ആ കവർ.
നിനക്ക് കുഴപ്പമൊന്നുമില്ലല്ലോന്നു ചോദിച്ചു ഒരു ഫോൺകോൾ പോലും വരാറില്ലേലും ഒരു കവർ നിറയെ സ്നേഹം ഇങ്ങനെ വാതിലിൽ മുട്ടി വിളിക്കാറുണ്ട്. ശരീരങ്ങൾ അകന്നിരുന്നാലും മനസ്സ് കൊണ്ടു മനുഷ്യനെ ചേർത്ത് നിർത്തുന്ന ചിലർ.”