സംസ്ഥാനത്ത് പക്ഷിപ്പനി; കോഴിക്കോട് ജാഗ്രതാ നിർദ്ദേശം
നിപ്പയേയും കൊറോണയേയും അതിജീവിച്ച കേരളക്കരയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് രണ്ടിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. വെസ്റ്റ് കൊടിയത്തൂരിലെ കോഴി ഫാമിലും വേങ്ങേരിയിലെ ഒരു വീട്ടിൽ വളർത്തുന്ന കോഴികളിലുമാണ് രോഗം കണ്ടെത്തിയത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് കോഴികളിൽ രോഗം കണ്ടെത്തിയത്.
അതേസമയം രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ വരുന്ന എല്ലാ വളർത്തുപക്ഷികളെയും കൊല്ലാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പത്ത് കിലോമീറ്റർ ദൂരത്തുവരെ ജാഗ്രതാ നിർദ്ദേശവും നൽകി.
ഈ വിഷയം ചർച്ചചെയ്യാൻ കളക്ട്രേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനങ്ങൾ ഉയർന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കെ രാജു അറിയിച്ചു. പക്ഷിപ്പനിയുടെ പ്രതിരോധ പ്രവർത്തങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25 ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.