‘മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, ആ രാത്രി മാഞ്ഞുപോയി….’ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഈണങ്ങള്‍; ബോംബെ രവിയെ ഓര്‍ക്കുമ്പോള്‍…
എത്ര സുന്ദരമാണ് ചില പാട്ടുകളുടെ ഈണങ്ങള്‍. മനോഹരമായ ഒരു നേര്‍ത്ത മഴനൂല് പോലെ അവയങ്ങനെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടുന്നു. രാഗഭാവമുള്ള സുന്ദരഗാനങ്ങള്‍ സംഗീത ലോകത്തിന് സമ്മാനിച്ച ബോംബെ രവിയുടെ ഓര്‍മ്മദിനമാണ് ഇന്ന്(മാര്‍ച്ച് 7).
‘നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍…’ ഒരു നദിയെ ഇത്രമേല്‍ ഭാവാര്ദ്രമാക്കിയപ്പോള് മുതല്ക്കാണ് ബോംബെ രവി എന്ന സംഗീത സംവിധായകനെ മലയാളികള്‍ ഹൃദയത്തിലേറ്റിയത്. കാവ്യാത്മകമായ വരികളില്‍ അതിഗംഭീരമായ സംഗീതം ചാലിച്ച അതുല്യ പ്രതിഭയാണ് ബോബെ രവി. ഒ.എന്‍.വിയുടെയും കൈതപ്രത്തിന്റെയും യൂസഫലി കേച്ചേരിയുടേയുമൊക്കെ വരികള്‍ക്ക് ഈണം പകര്‍ന്നപ്പോള്‍ കാവ്യഭംഗി ഒട്ടും ചോരാതെ ശ്രദ്ധിച്ചിരുന്നു അദ്ദേഹം.
1926 മാര്‍ച്ച് 3-ന് ഡല്‍ഹിയില്‍ ആയിരുന്നു രവി ശങ്കര്‍ എന്ന ബോംബെ രവിയുടെ ജനനം. അച്ഛന് പാടുന്ന ഭജനുകളില്‍ നിന്നാണ് ശാസ്ത്രീയ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അദ്ദേഹം അഭ്യസിച്ചത്. പിന്നീട് സംഗീതോപകരണങ്ങള്‍ സ്വയം ഉപയോഗിച്ച് തുടങ്ങി. 1950-ല്‍ ബോംബെയില്‍ എത്തിയ ശേഷം തീര്‍ത്തും ഒരു പ്രൊഫഷണല്‍ ഗായകനായി മാറി ബോംബെ രവി. എന്നാല്‍ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
1954-ല്‍ ‘വചന്’ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാനത്തില്‍ അരങ്ങേറ്റം നടത്തിയത്. അദ്ദേഹത്തിന്റെ ഈണത്തിന് മികച്ച പ്രേക്ഷകസ്വീകാര്യതയും ലഭിച്ചു. ഒരു ഗായകന് എന്നതിലുമുപരി അദ്ദേഹത്തിന്റെ ഈണങ്ങളാണ് ശ്രദ്ധ നേടിയത്. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിക്കൊണ്ട് ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്കു, ഗുജറാത്തി ഭാഷകളിലായി ഇരുനൂറ്റി അന്‍പതോളം സുന്ദര ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട് ബോംബെ രവി. പ്രതിഭാ ശാലിയായ അദ്ദേഹത്തെ 1971-ല്‍ പത്മശ്രീ നല്കി ആദരിച്ചു രാജ്യം.
1986-ലാണ് ബോംബെ രവി മലയാളചലച്ചിത്ര സംഗീത രംഗത്തേയ്ക്ക് കടന്നെത്തിയത്. ‘നഖക്ഷതങ്ങള്‍’ എന്ന ചിത്രത്തിലെ ‘മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി’ എന്ന ഗാനത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഈണം പകര്‍ന്ന ‘സാഗരങ്ങളെ പാടി…’, ‘ആ രാത്രി മാഞ്ഞു പോയി…’, ‘ഇന്ദുപുഷ്പം ചൂടിനില്ക്കും രാത്രി…’ തുടങ്ങിയ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായി. 2005-ല്‍ പുറത്തിറങ്ങിയ ‘മയൂഖ’മാണ് ബോംബെ രവി ഈണം പകര്‍ന്ന അവസാനത്തെ മലയാള ചലച്ചിത്രം.
2012 മാര്‍ച്ച് ഏഴിന് ബോംബെ രവി എന്ന അതുല്യ കലാപ്രതിഭ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും അദ്ദേഹം പകര്‍ന്ന ഈണങ്ങള്‍ ആസ്വാദക ഹൃദയങ്ങളില്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു, ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട്….