സമൂഹവ്യാപനം ഇതുവരെയില്ല; ഇനിയുള്ള സമയവും നിർണായകം
കൊറോണ വൈറസ് സമൂഹവ്യാപനം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് നാലാം ദിനത്തിലും സമൂഹവ്യാപനം ഇതുവരെ നടന്നിട്ടില്ലെന്ന് അറിയിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ഇനിവരുന്ന മൂന്നാഴ്ച ഏറെ നിർണായകമാണ്. അതേസമയം കേരളത്തിന്റെ ചികിത്സാരീതി കേന്ദ്രം തേടിയതായും മന്ത്രി അറിയിച്ചു.
അതേസമയം വിദേശത്ത് നിന്നും എത്തുന്നവരിൽ പലരും ക്വാറന്റീനിൽ കഴിയാൻ തയ്യാറാകുന്നില്ല. ഇവർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കേരളത്തിൽ ഇന്നലെ മാത്രം 19 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം 126 ആയി.
സമൂഹവ്യാപനം ഏറെ ഭീതിജനകമാണ്. ഈ ഘട്ടത്തിൽ രോഗം ആരിൽ നിന്നും ആരിലേക്ക് എത്തുന്നുവെന്നത് കണ്ടെത്താൻ സാധിക്കില്ല. അതിനാൽ മൂന്നാം ഘട്ടമെന്ന അവസ്ഥ ഒഴിവാക്കാൻ ഏറെ ജാഗ്രതയോടെ നമുക്ക് പരിശ്രമിക്കാം.