കൊവിഡ്- 19: ഇറ്റലിയിൽ കുടുങ്ങിയവരിൽ ആദ്യ സംഘം നാട്ടിലെത്തി
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഇറ്റലിയിൽ കുടുങ്ങിയവരിൽ ആദ്യ സംഘം നാട്ടിലെത്തി. ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെയാണ് ഇന്നലെ നാട്ടിലെത്തിച്ചത്. നാല്പതോളം മലയാളി വിദ്യാർത്ഥികളാണ് ഇറ്റലിയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
ദുബായ് വഴിയുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ഇറ്റലിയിൽ കുടുങ്ങിക്കിടന്ന 13- ഓളം വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചത്. അതേസമയം മിലാനിൽ നിന്നുള്ളവരെ കൊണ്ടുവരുന്നതിനായി എയർ ഇന്ത്യ വിമാനം ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും. ഇറാനിൽ നിന്നുള്ള മൂന്നാം സംഘം രാത്രിയിലെത്തും.
അതേസമയം നാട്ടിലെത്തിയ വിദ്യാർത്ഥികളുടെ വൈദ്യപരിശോധനയ്ക്കു ശേഷം ഇവരെ വീട്ടിൽ നിരീക്ഷണത്തിൽ വയ്ക്കാനാണ് തീരുമാനം.
രാജ്യത്ത് സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മലയാളികൾ ഉൾപ്പെടെ ഇറ്റലിയിൽ കുടുങ്ങിയ 250 ഓളം പേരെ ആദ്യഘട്ടത്തിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം രാജ്യത്ത് രണ്ടാമത്തെ കൊവിഡ്- 19 മരണവും റിപ്പോർട്ട് ചെയ്തു. ഡല്‍ഹിയില്‍ ജനക്പുരി സ്വദേശിയായ 67 വയസുകാരിയാണ് ഇന്നലെ മരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും നിരീക്ഷണത്തിലാണ്. വിദേശത്തു നിന്ന് മടങ്ങിയെത്തിയ മകനില്‍ നിന്നാണ് ഇവര്‍ക്ക് വൈറസ് പകര്‍ന്നത്. ആദ്യമരണം റിപ്പോർട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ മരണവും റിപ്പോർട്ട് ചെയ്തത്.