കൊറോണ വൈറസ് വാക്‌സിൻ പരീക്ഷണം ഇന്നുമുതൽ; വെളിപ്പെടുത്തലുമായി യു എസ്

March 16, 2020

ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പുതിയ വാക്‌സിൻ അമേരിക്ക വികസിപ്പിച്ചെടുത്തെന്നും ഇതിന്റെ പരീക്ഷണങ്ങൾ ഇന്ന് മുതൽ ആരംഭിക്കുമെന്നും യു എസ് ഗവൺമെന്റ് അധികൃതർ അറിയിച്ചു.

സിയാറ്റിലിലെ കൈസർ പെർമനന്റ് വാഷിങ്ടൺ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് കൊറോണ വൈറസ് വാക്‌സിൻ ആദ്യ പരീക്ഷണം നടത്തുന്നത്. ആരോഗ്യമുള്ള 45 യുവാക്കളിലാണ് പരീക്ഷണം നടത്തുന്നത്. എന്നാൽ ഇതിന് മറ്റ് പാർശ്വഫലങ്ങൾ ഒന്നും ഇല്ലെന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്.

അതേസമയം പുതിയ വാക്സിൻ പൂർണമായും സാധൂകരിക്കാൻ ഒരു വർഷം മുതൽ 18 മാസം വരെ എടുക്കുമെന്നാണ് പൊതുജനാരോഗ്യ വിദഗ്‌ധർ പറയുന്നത്. എന്നാൽ ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിനെതിരെ നിരവധി സംഘടനകൾ വാക്‌സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ട്.

കൊവിഡ് 19 നെതിരെ ജാഗ്രതയും പ്രതിരോധവും കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ലോകത്താകെ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. 1,56,588 പേരെയാണ് ഇതുവരെ രോഗം ബാധിച്ചത്. 5836 പേര്‍ കൊവിഡ്- 19 മൂലം മരണപ്പെട്ടു. കൊവിഡ് അതിശക്തമായി വ്യാപിക്കുന്ന ഇറ്റലിയില്‍ മരണസംഖ്യ 1441 ആയി. 191 പേര്‍ സ്‌പെയിനിലും മരണപ്പെട്ടു. ഇരു രാജ്യങ്ങളും രോഗ പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങളും നടപ്പിലാക്കുന്നുണ്ട്.