ഇവിടം സുരക്ഷിതമാണ് ഭായ്; കൊറോണ വൈറസ് കടന്നുചെല്ലാത്ത ഒരേയൊരിടം ഇതാണ്
ചൈനയിലെ വുഹാനിൽ ആരംഭിച്ച കൊറോണ വൈറസ് ഇന്ന് ലോകത്തിന്റെ എല്ലാ മൂലകളിലും എത്തിക്കഴിഞ്ഞു. എങ്ങും മാസ്കുകൾ ധരിച്ച മുഖങ്ങളും ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പുകളും മാത്രം. എവിടെയാണ് സുരക്ഷിതമായ ഇടങ്ങൾ എന്ന് ഓരോ മനുഷ്യനും അന്വേഷണം തുടരുകയാണ്….
എന്നാൽ ഏറ്റവും സുരക്ഷിതരായി മനുഷ്യന് കഴിയാൻ സാധിക്കുന്ന ഇടമാണ് രാജ്യാന്തര ബഹിരാകാശ നിലയം. കോളറാഡോ ബൗൾഡർ സർവകലാശാലയിലെ ബയോസെർവ് സ്‌പേസ് ടെക്നോളജീസിലെ ഗവേഷകൻ ലൂയിസ് സിയയാണ് ബഹിരാകാശ നിലയത്തിലെ സുരക്ഷിതത്വത്തെ കുറിച്ച് പറയുന്നത്.
കൊറോണ വൈറസ് ഏത് പ്രതലത്തിൽ ആയാലും മണിക്കൂറുകൾ മാത്രമേ ജീവിക്കൂ. എന്നാൽ ബഹിരാകാശ നിലയിൽ എത്തുന്ന ഓരോ സഞ്ചാരിയും നിരവധി പരിശോധനകൾക്ക് വിധേയരാവേണ്ടതുണ്ട്. അതിനാൽ ഭൂമിയിൽ നിന്നും 400 കിലോമീറ്റർ ഉയരത്തിലുള്ള ബഹിരാകാശനിലയത്തിൽ കൊറോണ വൈറസ് എത്താനുള്ള സാധ്യത തീരെ ഇല്ല.
ബഹിരാകാശത്തേക്ക് യാത്ര പുറപ്പെടുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ സഞ്ചാരികളുടെ ആരോഗ്യം ഉറപ്പുവരുത്താറുണ്ട്. അതിന് ശേഷം രണ്ടാഴ്ച്ച ക്വാറന്റീനിൽ തുടരും. മനുഷ്യന് പുറമെ ബഹിരാകാശ നിലയത്തിൽ എത്തുന്ന ഓരോ വസ്തുവിലും സൂക്ഷ്മപരിശോധന നടത്താറുണ്ട്. അതുകൊണ്ടുതന്നെ കൊറോണയെ പേടിക്കാതെ മനുഷ്യന് ജീവിക്കാൻ സാധിക്കുന്ന ഒരേയൊരിടം ബഹിരാകാശ നിലയമാണ്.