സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ്-19; കാസർകോട് സ്വദേശിയിൽ രോഗം സ്ഥിരീകരിച്ചു

March 19, 2020
covid

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കാസർകോട് സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 25 ആയി. നിരീക്ഷണത്തിലുള്ളത് 31, 173 പേരാണ്. 237 പേർ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തിൽ ഉള്ളത്.

171 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ്- 19 വ്യാപനത്തിനെതിരെ കനത്ത ജാഗ്രത തുടരുകയാണ് ഇന്ത്യയും കേരളത്തിലുമെല്ലാം. ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നിരവധി ബോധവല്‍കരണപ്രവര്‍ത്തനങ്ങളും ക്യാംപെയിനുകളും നടത്തപ്പെടുന്നുണ്ട്.

ഹസ്തദാനം പോലെ സ്പര്‍ശനത്തോടെയുള്ള ആശംസകള്‍ ഒഴിവാക്കുക, മുഖം മൂക്ക് കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കാതിരിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തുവാല കൊണ്ട് മറയ്ക്കുക, ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, ബസ് സ്റ്റോപ്പുകളടക്കമുള്ള പൊതു ഇടങ്ങളില്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുക തുടങ്ങിയ നിരവധി നിർദ്ദേശങ്ങളും അധികൃതർ നൽകുന്നുണ്ട്.