വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19; സ്ഥിരീകരിച്ച് കേന്ദ്രം

March 18, 2020

വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 255 പേര്‍ ഇറാനിലും 12 പേര്‍ യുഎഇയിലും അഞ്ച് പേര്‍ ഇറ്റലിയിലുമാണുള്ളത്. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19 , സ്ഥിരീകരിച്ച വിവരം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടു.

അതേസമയം രോഗമില്ലാത്ത 389 പേരെ കഴിഞ്ഞ ദിവസം പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയിലെത്തിച്ചിരുന്നു. ഇവര്‍ രാജസ്ഥാനിലെ ജയ്‌സാല്‍മേറിലടക്കം വിവിധ സൈനിക കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ്.

ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് നൂറിലധികം രാജ്യങ്ങളില്‍ വ്യാപിച്ചു. 7916 പേരാണ് കൊവിഡ് 19 രോഗബാധ മൂലം ലോകത്ത് മരണപ്പെട്ടത്. ഒന്നരലക്ഷത്തിലധികം ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 137 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മൂന്ന് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട ചെയ്തു.