ഭയത്തെ സംഗീതം കൊണ്ടു തോല്‍പിക്കുന്നവര്‍; ഇറ്റലിയിലെ വീടുകളിലെ ക്വാറന്റെയിന്‍ കാലം ഇങ്ങനെ: വീഡിയോ പങ്കുവെച്ച് മലയാളി

March 15, 2020

ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. ചൈനയിലും ഇറ്റലിയിലുമാണ് കൊവിഡ് 19 ഏറ്റവും അധികമായി ബാധിച്ചിരിക്കുന്നത്. ഇറ്റലിയില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ചയോളമായി രാജ്യമൊട്ടാകെ ക്വാറന്റെയിനിലാണ്.

എന്നാല്‍ ഈ സമയവും കടന്നുപോകും എന്ന വലിയ ഓര്‍മ്മപ്പെടുത്തല്‍ നല്‍കുകയാണ് ഇറ്റലിയില്‍ നിന്നും പുറത്തെത്തിയ ഒരു വീഡിയോ. മലയാളിയായ അമ്മു ആന്‍ഡ്രൂസ് ആണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇറ്റലിയിലാണ് അമ്മുവിന്റെ താമസം.

ക്വാറന്റെയിനിലാണ് എല്ലാവരും. എന്നാല്‍ വീടിന്റെ ജനാലകള്‍ തുറന്ന് ബാല്‍ക്കെണിയിലും ടെറസിലും നിന്ന് മനോഹരമായ സംഗീതം പങ്കുവയ്ക്കുകയാണ് നിവാസികള്‍. ഓരോരുത്തരും അവരുടെ കൈയിലുള്ള സംഗീതോപകരണവുമായി ബാല്‍ക്കണിയില്‍ നില്‍ക്കുന്നു. മനോഹര സംഗീതം നിറയ്ക്കുന്നു. ചിലര്‍ പാടുമ്പോള്‍ മറ്റ് ചിലര്‍ താളം പിടിയ്ക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എല്ലാം ഭംഗിയായി വരും എന്ന വലിയ സന്ദേശമാണ് എല്ലാവരും ഉയര്‍ത്തിപ്പിടിച്ചത്.

അമ്മു ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ

ഒരാഴ്ചയോളമായി ഒരു രാജ്യം മുഴുവന്‍ quarantine ചെയ്ത് കോറോണയെ തുരത്താനുള്ള ശ്രമമാണ് ഇറ്റലിയില്‍. ഇറ്റാലിയന്‍ ഗവണ്മെന്റിന്റെ ഈ നടപടിയില്‍ പ്രായഭേദമന്യേ എല്ലാവരും വളരെ നല്ല പ്രത്യാശാപൂര്‍വ്വം സഹകരിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം (13032020) ആറുമണിക്ക്, ‘എല്ലാം ഭംഗിയായി വരും’ (tutto andrà bene)എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് റോം, നേപ്പിള്‍സ് എന്നിങ്ങനെ വിവിധ നഗരങ്ങളിലെ നിവാസികള്‍ അവതരിപ്പിച്ച ‘മ്യൂസിക്കല്‍ ഫ്‌ലാഷ് മൊബ്’ ആണ് ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നത്.

വീടുകളില്‍ കഴിയുന്ന എല്ലാവരും ജാലകങ്ങള്‍ തുറന്നും ബാല്‍ക്കണിയിലെ ടെറസിലുമായി നിന്ന് സംഗീത ഉപകരണങ്ങള്‍ താളത്തില്‍ മുഴക്കി. സംഗീത ഉപകരണങ്ങള്‍ ഇല്ലാത്തവര്‍ അടുക്കള ഉപകരണങ്ങളോ പാത്രങ്ങളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിച്ച് താളം കൊട്ടി പിന്തുണ പ്രഖ്യാപിച്ചു. വീടുകളില്‍ നിന്ന് അവര്‍ പാടുകയും താളം പിടിക്കുകയും ചെയ്യുമ്പോള്‍ അറിയാതെ ഇല്ലാതാക്കുന്നത് ഉള്ളില്‍ നിറയുന്ന ഭയത്തെ കൂടിയാണ്. പരസ്പരം കൈമാറുന്നത് പരസ്പര സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും മന്ത്രം കൂടിയാണ്. ലോകത്തോട് വിളിച്ചു പറയുകയാണ്;

നമ്മള്‍ എത്രയും പെട്ടന്ന് തിരികെ വരും…