അന്നം തന്ന കരം ചേർത്തുപിടിച്ച് നന്ദി പറഞ്ഞ് നായ; ഹൃദ്യം ഈ വീഡിയോ

March 31, 2020

ലോക്ക് ഡൗണിൽ ഏറെ ദുരിതത്തിലായത് മൃഗങ്ങളാണ്. തെരുവുനായകൾക്കും കുരങ്ങുകൾക്കും ഭക്ഷണം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. മിക്കപ്പോഴും പൊലീസുകാരാണ് ഇവർക്ക് ഭക്ഷണവുമായി തെരുവുകളിൽ എത്തുന്നത്.

രാത്രി കാലങ്ങളിൽ ഇവയ്ക്ക് ഭക്ഷണം എത്തിച്ചുനൽകാനാണ് മൃഗസംരക്ഷണവകുപ്പും അറിയിക്കുന്നത്. പകൽ ചൂടുകാരണം തെരുവുനായകൾ ഒരുപക്ഷെ പുറത്തിറങ്ങാൻ സാധ്യതയില്ലന്ന് കണക്കിലെടുത്താണ് രാത്രിയിൽ തെരുവുകളിൽ ഭക്ഷണം എത്തിക്കാൻ തീരുമിച്ചത്. അതേസമയം കഴിഞ്ഞ ദിവസം ഭക്ഷണം കൊടുത്ത പൊലീസുകാരന് നന്ദി പ്രകടനം നടത്തുന്ന ഒരു നായയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

‘തെരുവ് നായകൾക്കും കുരങ്ങുകൾക്കും ഭക്ഷണം നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന ഉൾക്കൊണ്ട് ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെ പോലീസ് ഓഫീസർ വിനീത് തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭക്ഷണം കഴിച്ചു വിശപ്പു മാറിയ തെരുവ് നായ നന്ദി പ്രകടിപ്പിക്കാൻ വിനീതിനെ സമീപിക്കുന്നതിന്റെ ദൃശ്യം ഗുരുവായൂരിലെ പ്രശസ്ത ഫോട്ടോഗ്രാഫർ കിഷോർ തന്റെ ക്യാമറയിൽ പകർത്തിയപ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.