കൊവിഡ്- 19: വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു, വിമാനത്താവളങ്ങൾക്ക് പുറമെ റെയിൽവേ, മെട്രോ സ്റ്റേഷനുകളിലും കർശന പരിശോധന
സംസ്ഥാനത്ത് കൊവിഡ്- 19 വ്യാപിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കി. വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് പരിശോധന നേരത്തെ ശക്തമാക്കിയിരുന്നു. ഇന്നലെ മാത്രം ഇറ്റലിയിൽ നിന്നും കേരളത്തിൽ വിമാന മാർഗം എത്തിയത് 26 പേരാണ്. വിവിധ ഗൾഫ് സർവീസുകളിലാണ് ഇവർ എത്തിയത്. ഇവരിൽ മൂന്നുപേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇവരെ ആശുപതികളിലേക്ക് മാറ്റിയിരുന്നു.
ഇന്നുമുതൽ വിദേശത്ത് നിന്നും എത്തുന്നവർ രോഗവിമുക്ത സർട്ടിഫിക്കറ്റ് കരുതണം. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ രോഗവിമുക്തമാണോ എന്നറിയാൻ 15 ദിവസം ആശുപത്രി നിരീക്ഷണത്തിൽ ഇരിക്കണം.
അതേസമയം ഇറ്റലിയിൽ നിന്നും എത്തിയ ഒരു കുട്ടി ട്രെയിനിൽ സഞ്ചരിച്ചു എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനുകളിലും മെട്രോ സ്റ്റേഷനുകളിലും കർശന പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചിടാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
അതോടൊപ്പം കൊച്ചി ഇൻഫോ പാർക്ക് ഉൾപ്പെടെയുള്ള കമ്പനികളിൽ പഞ്ചിങ് താത്കാലികമായി നിർത്തിവെച്ചു. പത്തനംതിട്ട സ്വദേശികൾക്ക് വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കാൻ തീരുമാനമായി.
സംസ്ഥാനത്ത് ഇതുവരെ 14 പേർക്കാണ് കൊവിഡ്- 19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും പത്തനംതിട്ടയിൽ ഏഴും കോട്ടയത്ത് നാലും ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്.