ഏറ്റവും മാർക്ക് കുറഞ്ഞ കുട്ടിയ്ക്ക് എന്റെ ബോണസ് മാർക്ക് നൽകാമോ; വിചിത്ര ആവശ്യത്തിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടി
തനിക്ക് പരീക്ഷയ്ക്ക് ലഭിക്കുന്ന ബോണസ് മാർക്ക് ഏറ്റവും കുറഞ്ഞ മാർക്ക് ലഭിച്ച കുട്ടിയ്ക്ക് നൽകാമോ…? സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഉത്തരപേപ്പറും അതിലെ ചോദ്യവുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യു എസിലെ കെന്റക്കിയിൽ സ്‌കൂൾ അധ്യാപകനായ വിൻസ്റ്റൺ ലീയാണ് ഉത്തരപ്പേപ്പറിലെ ഈ വിചിത്ര ആവശ്യം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തത്.
‘ഇത്രയും വർഷത്തിനിടയിലെഅധ്യാപന ജീവിതത്തിനിടയ്ക്ക് ഇങ്ങനെയൊരു ആവശ്യം ഇതാദ്യമായാണ്, അതുകൊണ്ടുതന്നെ ഇത് ലോകം അറിയണം’ എന്ന അടിക്കുറുപ്പോടെയാണ് വിൻസ്റ്റൺ ലീ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
“A+ കിട്ടിയ എന്റെ ഒരു സ്റ്റുഡന്റ് അവന് ബോണസായി കിട്ടിയ അഞ്ച് മാർക്ക് പരീക്ഷയിൽ ഏറ്റവും കുറഞ്ഞ മാർക്ക് ലഭിച്ച ആൾക്ക് നല്കാമോ എന്ന് ചോദിച്ചിരിക്കുകയാണ്. പഠിക്കാത്തത് കൊണ്ടാണ് മാർക്ക് കുറഞ്ഞത് എന്നതൊന്നും അവന് വിഷയമല്ല. കുറഞ്ഞ മാർക്ക് വാങ്ങിയ ആളെ സഹായിക്കണം എന്നത് മാത്രമാണ് അവന്റെ ആവശ്യം. കുഞ്ഞുങ്ങളുടെ ഇത്തരം സ്നേഹം നിറഞ്ഞ പ്രവർത്തികൾ കണ്ട് നമുക്കും പഠിക്കാം” എന്നും വിൻസ്റ്റൻ ലീ പറയുന്നുണ്ട്.
കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് ഈ പോസ്റ്റ് 67,000 പേർ ഈ ഷെയർ ചെയ്തുകഴിഞ്ഞു. അതോടൊപ്പം നിരവധി ആളുകളാണ് കുട്ടിയുടെ നല്ല മനസിനെ പ്രശംസിച്ച് രംഗത്തെത്തുന്നത്.