ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഒളിംപ്യന്‍ പി കെ ബാനര്‍ജി അന്തരിച്ചു

March 20, 2020

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഒളിംപ്യന്‍ പി കെ ബാനര്‍ജി അന്തരിച്ചു. 83 വയസ്സായിരുന്നു പ്രായം. ന്യുമോണിയ അസുഖത്തെ തുടര്‍ന്ന് കുറച്ചുദിവസങ്ങളായി കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

13 വര്‍ഷം ഇന്ത്യയ്ക്കു വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട് പി കെ ബാനര്‍ജി. ബംഗാളിലെ മൊയ്‌നഗുരിയില്‍ 1936 ജൂണ്‍ 23 നായിരുന്നു പി കെ ബാനര്‍ജിയുടെ ജനനം. 1960-ല്‍ റോമില്‍വെച്ചു നടന്ന ഒളിപിക്‌സില്‍ ഇന്ത്യന്‍ നായകനായിരുന്നു. രണ്ട് ഒളിംപിക്‌സില്‍ അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. തന്റെ കായിക ജീവിതത്തില്‍ 84 മത്സരങ്ങളില്‍ നിന്നായി 66 ഗോളുകളും അദ്ദേഹം നേടി.

ഇന്ത്യ സ്വര്‍ണമെഡല്‍ നേടിയ 1962 ഏഷ്യാഡ് അടക്കം തുടര്‍ച്ചയായി മൂന്ന് ഏഷ്യന്‍ ഗെയിംസിലും പി കെ ബാനര്‍ജി കളിച്ചിട്ടുണ്ട്. 1961-ല്‍ അര്‍ജുനാ അവാര്‍ഡും 1990-ല്‍ പത്മശ്രീയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.