സ്വയം ഐസൊലേഷനിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ത്യയിൽ കൊറോണയുടെ അടുത്തഘട്ടം ആരംഭിക്കുകയാണ്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയാണ് ഇനി വരുന്ന ദിവസങ്ങളിൽ വേണ്ടത്. അടുത്ത പതിനഞ്ചു ദിവസങ്ങൾ അതീവ ജാഗ്രതയിൽ വീട്ടിൽ തന്നെ കഴിയണം എന്നാണ് നിർദേശം. സ്വയം വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ടോയ്‌ലറ്റ് സൗകര്യം ഉള്ള മുറിയാണെന്നു ഉറപ്പു വരുത്തുക. കാരണം മറ്റുള്ളവർ ഉപയോഗിക്കുന്ന ടോയ്‌ലറ്റ് നിരീക്ഷണത്തിൽ ഉള്ളയാൾ ഉപയോഗിക്കുന്നത് അസുഖം ഉണ്ടെങ്കിൽ പടരാൻ ഇടയാക്കും.
കഴിവതും മുറിക്കുള്ളിൽ തന്നെ ഇരിക്കണം. പുസ്തകങ്ങൾ, സിനിമ തുടങ്ങിയവയൊക്കെ സമയം കളയാൻ ഉപയോഗിക്കാം. ഒരു കാരണവശാലും നിരീക്ഷണത്തിൽ ഉള്ളയാളുമായി വീട്ടിൽ ഉള്ളവർ അടുത്തിടപഴക്കരുത്. അവർക്കൊപ്പം ഒരു മുറിയിലോ കട്ടിലിലോ കഴിയരുത്.
വീടിനുള്ളിലും മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണം. ഓരോ 6 മണിക്കൂറിലും മാസ്ക് മാറ്റണം. ഐസൊലേഷനിൽ ഉള്ളയാളുമായി ഒരു വീട്ടുപകരണങ്ങളും പങ്കിടരുത്. നേരിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും ഐസൊലേഷനിൽ കഴിയാനാണ് നിർദേശം. അത് കൃത്യമായി പാലിക്കുക.