ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചില എളുപ്പമാർഗങ്ങൾ
ഭക്ഷണസാധനങ്ങൾ ഏറെ കരുതലോടെ മാത്രം ഉപയോഗിക്കേണ്ട അവസരമാണിത്. എന്നാൽ പഴങ്ങളും പച്ചക്കറികളും വേഗം കേടുവന്ന് പോകുന്നതാണ് പലരും നേരിടുന്ന വെല്ലുവിളി. ഫ്രിഡ്ജിൽ വയ്ക്കുന്ന ഭക്ഷണപദാർത്ഥങ്ങളും കേടായി പോകാറുണ്ട്. എന്നാൽ കൃത്യമായ രീതിയിൽ ഇവ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കേടുവരില്ല.
പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കേണ്ട വിധം:
പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കിയ ശേഷം ബോക്സുകളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പച്ചക്കറികൾ ഉപയോഗിക്കുന്ന കാര്യത്തിലും ഏറെ കരുതൽ ആവശ്യമാണ്. ആദ്യം കേടുവരാൻ സാധ്യതയുള്ള തക്കാളി പോലുള്ള പച്ചക്കറികൾ ആദ്യം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കറിവേപ്പില ഇതൾ അടർത്തി കവറുകളിൽ ആക്കി സൂക്ഷിക്കാം. അല്ലെങ്കിൽ ഇവ തണ്ടോടെ വെള്ളത്തിൽ മുക്കി വയ്ക്കാം, ആവശ്യാനുസരണം ഇതൾ അടർത്തി എടുക്കാം. ഫ്രിഡ്ജുകളിൽ വയ്ക്കാത്ത പച്ചക്കറികൾ തണുപ്പുള്ള നിലത്ത് നിരത്തി ഇടാനും ശ്രദ്ധിക്കുക.
മീൻ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട വിധം
മീൻ കഴുകി വൃത്തിയാക്കിയശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. കഴുകി വൃത്തിയാക്കി കറിവെക്കാൻ പാകത്തിന് ആക്കിയ ശേഷം മീൻ ബോക്സിൽ വയ്ക്കുക. മീൻ മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളവും നിറയ്ക്കുക. ഫ്രിഡ്ജിൽവെച്ചശേഷം ആവശ്യാനുസരണം ഇവ എടുത്ത് ഉപയോഗിക്കാം. അല്ലെങ്കിൽ കഴുകി വൃത്തിയാക്കി മുറിച്ചെടുത്ത മീൻ മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് തേച്ചുപിടിപ്പിച്ച ശേഷം ബോക്സിൽവെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.