റൊണാള്‍ഡോയുടെ ഹോട്ടലുകള്‍ ഇനി ആശുപത്രികള്‍; ‘കൊവിഡ് 19’ ചികിത്സ സൗജന്യം എന്നും റിപ്പോര്‍ട്ട്

March 15, 2020

ലോകമൊന്നാകെ ജാഗ്രതയിലാണ് കൊവിഡ് 19 നെതിരെ. നൂറിലധികം രാജ്യങ്ങളിലായി ഒന്നരലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. പോര്‍ച്ചുഗലിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗബാധിതരെ സഹായിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. യുവന്റസ് വെബ്‌സൈറ്റും സ്പാനിഷ് ദിനപത്രമായ മാര്‍സയുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 170-ഓളം പേര്‍ക്ക് പോര്‍ച്ചുഗലില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

Read more: ഭയത്തെ സംഗീതം കൊണ്ടു തോല്‍പിക്കുന്നവര്‍; ഇറ്റലിയിലെ വീടുകളിലെ ക്വാറന്റെയിന്‍ കാലം ഇങ്ങനെ: വീഡിയോ പങ്കുവെച്ച് മലയാളി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബ്രാന്റായ സിആര്‍7-ന്റെ ഹോട്ടലുകള്‍ ആശുപത്രികളാക്കിയതായാണ് വിവരം. ആശുപത്രികളില്‍ കൊവിഡ് 19 ചികിത്സ സൗജന്യമായിരിക്കും. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്.

അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മെദീരയിലെ വീട്ടില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്. യുവന്റസില്‍ ക്രിസ്റ്റ്യാനോയുടെ സഹതാരമായ ഡാനിയേല റുഗാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ മറ്റ് സഹതാരങ്ങളെല്ലാം ഐസൊലേഷനില്‍ കഴിയുകയാണ്.