എത്ര മനോഹരമായാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ അതിഥി തൊഴിലാളികളോട് പ്രശ്നങ്ങൾ ചോദിച്ച് മനസിലാക്കുന്നത്..- ശ്രദ്ധേയമായി വീഡിയോ
അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികൾ എന്ന് മുഖ്യമന്ത്രി അഭിസംബോധന ചെയ്തപ്പോൾ ജനങ്ങളും അത് ഏറ്റെടുക്കുകയായിരുന്നു. സ്വന്തം നാട്ടിൽ ലഭിക്കാവുന്നതിലും അധികം കരുതലും സൗകര്യങ്ങളും കേരളത്തിൽ നൽകിയാണ് കൊവിഡ് കാലത്ത് കേരളം അവരെ സംരക്ഷിക്കുന്നത്.
ഇപ്പോൾ അതിഥി തൊഴിലാളികൾ കൂട്ടംകൂടി താമസിക്കുന്ന ക്യാമ്പിൽ എത്തി അവരുടെ പ്രശ്നങ്ങൾ ചോദിച്ച് മനസിലാക്കുകയും കൊവിഡ് -19 എന്താണെന്നു വിശദീകരിച്ച് കൊടുക്കുകയും ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണ് ശ്രദ്ധ നേടുന്നത്.
ക്യാമ്പിൽ വെള്ളവും വൈദ്യുതിയും എല്ലാം ഉണ്ടെന്നും ദിവസക്കൂലി ലഭിക്കുന്നുണ്ടെന്നും മലയാളത്തിൽ തന്നെ തൊഴിലാളികൾ അദ്ദേഹത്തോട് വ്യക്തമാക്കി. ഭക്ഷണം മാത്രം ഇന്നുകൂടിയെ ഉള്ളു, വസ്ത്രവും മറ്റ് വസ്തുക്കളും ഉണ്ടെന്നും അവർ പറയുന്നുണ്ട്.
എല്ലാം ചോദിച്ചറിഞ്ഞ ശേഷം സർക്കാർ എല്ലാം നൽകുമെന്നും പോലീസ് ഉദ്യോഗസ്ഥൻ അറിയിക്കുന്നുണ്ട്. മാത്രമല്ല കൊവിഡ് എന്താണെന്നു അറിയാമോ എന്ന് അദ്ദേഹം തൊഴിലാളികളോട് അന്വേഷിക്കുന്നുണ്ട്. എല്ലാവരും അതിൽ ബോധവാന്മാരാണ്. കൊവിഡ്- 19 എന്നാൽ കൊറോണ ആണെന്നും അതൊരു വൈറസ് ആണെന്നുമൊക്കെ ഇവർ മറുപടി നൽകി.
ഹിന്ദിയിൽ പിന്നെ പോലീസ് ഉദ്യോഗസ്ഥൻ അവർക്ക് വ്യക്തമായി എല്ലാം പറഞ്ഞു കൊടുക്കുകയാണ്. പുറത്തേക്ക് പോകാൻ പറ്റാത്തതിന്റെ സാഹചര്യവും എല്ലാം വിശദമാക്കി കൊടുക്കുന്നു. അതിഥി തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ച് പോകണമെന്ന ആവശ്യം ഉന്നയിച്ചതിനെ ഭാഗമായി ഇവരോട് കൊവിഡ് വൈറസിന്റെ വ്യാപനത്തെ കുറിച്ച് വ്യക്തമാക്കാൻ ഭാഷ അറിയാവുന്ന ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നു സർക്കാർ വ്യക്തമാക്കിയിരുന്നു.