‘റെക്കോര്‍ഡിങ് ആണെന്ന് അറിയാതെ അന്ന് പതിനാറാം വയസ്സില്‍ പാടി’; ആദ്യ പാട്ടനുഭവത്തെക്കുറിച്ച് ശ്രേയ ഘോഷാല്‍- വീഡിയോ
ഭാഷയുടെയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച സുന്ദര ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിയ്ക്കുന്ന ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളി അല്ലാതിരുന്നിട്ടുപോലും ഉച്ചാരണശുദ്ധിയോടെ മലായാളം പാട്ടുകള്‍ അതിമനോഹരമായി പാടുന്ന ശ്രേയ മലയാളികളുടെയും ഇഷ്ട ഗായികയാണ്. തന്റെ ആദ്യ പാട്ടനുഭവത്തെക്കുറിച്ചുള്ള ഗായികയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു.
പതിനാറാം വയസ്സില്‍ ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടിയപ്പോള്‍ അത് റെക്കോര്‍ഡിങ് ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ശ്രേയ പറഞ്ഞു. പഠിച്ചത് വെറുതേ പാടി നോക്കൂ എന്ന് സംഗീത സംവിധായകന് സഞ്ജയ് ലീല ബന്‍സാലി പറഞ്ഞപ്പോള്‍ പാടി. അത് റെക്കോര്‍ഡ് ചെയ്തു എന്നറിയുന്നത് പാട്ടിനു ശേഷമാണെന്നും ശ്രേയ പറഞ്ഞു. ബെര്‍ക്കലി കോളജ് ഓഫ് മ്യൂസിക്കിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ മുഖാമുഖത്തിലാണ് ഗായിക ആദ്യ പാട്ടനുഭവത്തെ ഓര്‍ത്തെടുത്തത്.
Read more: വനാണ് ഹീറോ; ഇടിമിന്നലില്‍ പേടിച്ചരണ്ട നായയെ ആശ്വസിപ്പിച്ച് ‘കുഞ്ഞു ധീരന്’: വീഡിയോ
ദേവദാസ് എന്ന സിനിമയിലെ ഭൈരി പിയാ… എന്ന ഗാനത്തിലൂടെയാണ് ശ്രേയ ഗോഷാല്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ‘ ആ പാട്ടില്‍ നിറയെ പ്രണയ ഭാവങ്ങളായിരുന്നു. ഓരോ വാക്കിലും കൊടുക്കേണ്ട ഭാവങ്ങള്‍ സഞ്ജയ് സാര്‍ പറഞ്ഞു തന്നു. എന്നാല്‍ ആ പതിനാറാം വയസ്സില്‍ അതെല്ലാം മനസ്സിലാക്കുക എന്നത് പ്രയാസകരമായിരുന്നു’ ശ്രേയ ഘോഷാല്‍ ഓര്‍ത്തെടുത്തു. ആ പാട്ട് ഇപ്പോഴാണ് പാടുന്നെതെങ്കില് കുറേക്കൂടി മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.
പാട്ടിലെ ഉച്ചാരണ ശുദ്ധിയെക്കുറിച്ചും ശ്രേയ സംസാരിച്ചു. ‘ ഇന്ത്യന്‍ സംഗീതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് ഉച്ചാരണം എന്നത്. പ്രത്യേകിച്ചും ചലച്ചിത്ര ഗാനങ്ങളില്‍. ഓരോ വാക്കും കൃത്യമായി ശ്രേതാക്കള്‍ക്ക് കേള്‍ക്കാന്‍ സാധിക്കണം. ഓരോ വാക്കിന്റെയും ശബ്ദം കൃത്യമായിരിക്കണം. ഭാവങ്ങള്‍ നല്കുമ്പോഴും ഉച്ചാരണത്തില്‍ വിട്ടുവീഴ്ച പാടില്ല’ ശ്രേയ ഘോഷാല്‍ ഓര്‍മ്മപ്പെടുത്തി.