സ്കൂളടച്ച സ്ഥിതിക്ക് ഇനി ഇതിലും വലുതൊക്കെ കാണേണ്ടി വരും- ചിരിയും കൗതുകവും നിറച്ച് വേനലവധി ആഘോഷം; വീഡിയോ
കൊറോണ വൈറസ് കൂടുതൽ വ്യാപിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളൊക്കെ വളരെ നേരത്തെ തന്നെ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ പരീക്ഷ പോലും മാറ്റിവെച്ചാണ് വേനലവധിക്കായി സ്കൂൾ അടച്ചത്. കൊവിഡ്-19 കരുതലോടെ നേരിടുമ്പോഴും അവധി ആഘോഷങ്ങൾക്കും കുറവില്ല. പാടത്തും പറമ്പിലും ആഘോഷിക്കുകയാണ് കുട്ടികൾ.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് കുട്ടികളുടെ ഒരു വീഡിയോ ആണ്. തെയ്യക്കോലം പോലെ ഇലകളും വൈക്കോലുമൊക്കെ അരയിൽ ചുറ്റി തുള്ളിക്കളിക്കുകയാണ് ഒരു കുട്ടി. ചുറ്റും കൊട്ടും മേളവുമായി കൂട്ടുകാരുമുണ്ട്.
ഇനിയുള്ള രണ്ടു മാസങ്ങളിൽ കുട്ടികളുള്ള വീടുകൾ ഇങ്ങനെയുള്ള ഒരുപാട് രസകരമായ കലാരൂപങ്ങളും കാലികളുമൊക്കെ കാണാൻ പറ്റും. ഒരുതരത്തിൽ അമ്മമാർക്ക് തലവേദനയാണെങ്കിലും ചിരിയും കൗതുകവുമൊക്കെ ഇവരുടെ ആഘോഷങ്ങളിലുണ്ട്.
മൊബൈൽ ഫോണും കമ്പ്യൂട്ടർ ഗെയിമുകളുമായി വീടിനുള്ളിൽ ചടഞ്ഞു കൂടുന്ന കുട്ടികളാണ് പൊതുവെ ഇന്നത്തെ കാലത്ത് അധികവും. എന്നാൽ പുറത്തിറങ്ങി പഴമയുടെ ഓർമ്മകൾ നിറച്ച് പ്രകൃതിയോട് ഇണങ്ങി കളിക്കുന്ന കുട്ടികളുടെ വീഡിയോ വളരെ സന്തോഷം പകരുന്നതാണ്.