സംസ്ഥാനത്തെ നാല് ജില്ലകളില്‍ താപനില ഉയരും, കനത്ത ജാഗ്രത വേണം: മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്തെ നാല് ജില്ലകളിലെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, ആലപ്പുഴ, തൃശൂർ, കോട്ടയം ജില്ലകളിലാണ് താപനില വർധിക്കാൻ സാധ്യത. ഏപ്രില്‍ 4 വരെ കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടും. ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിൽ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.
താപനില ഉയരാനുള്ള സാഹചര്യം കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്തെ പൊതുജനങ്ങള്‍ക്കായി പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങളും നൽകിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളില്‍ രേഖപ്പെടുത്തപ്പെടുന്ന ദിനാന്തരീക്ഷ താപനില മിക്ക ദിവസങ്ങളിലും 2 മുതല്‍ 4 വരെ ഡിഗ്രി സെല്‍ഷ്യസ് വരെ വ്യതിയാനം കാണിക്കുന്ന സ്ഥിതിവിശേഷമുള്ളതിനാലും ഉയര്‍ന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ ഉയരുന്ന സാഹചര്യമുള്ളതിനാലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും താപസൂചിക ഉയര്‍ത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
സംസ്ഥാനത്ത് കോവിഡ്-19 ജാഗ്രതയുടെ ഭാഗമായുള്ള ലോക്ക് ഡൌണ്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ പകല്‍ സമയത്ത് പുറംജോലികളില്‍ ഏര്‍പ്പെടുന്ന പോലീസുകാര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി കിച്ചണില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകമായ കരുതലും ജാഗ്രതയും പാലിക്കുക. ആവശ്യമായ വിശ്രമത്തോടെയും തണല്‍ ഉറപ്പു വരുത്തിയും മാത്രം ജോലിയില്‍ ഏര്‍പ്പെടുക. ധാരാളമായി ശുദ്ധജലം കുടിക്കുക. പൊതുജനങ്ങള്‍ ഇവരോട് സഹകരിക്കുക.
ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവര്‍ പകല്‍ 11 മണി മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ വെയിലേല്‍ക്കുന്നത് ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കേണ്ടതാണ്. വീട്ടില്‍ ഇരിക്കുന്നവരും ധാരാളമായി ശുദ്ധജലം കുടിക്കുക. വീട്ടിലും മുറികളിലും വായുസഞ്ചാരം ഉറപ്പാക്കുക. നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം, ചായ, കാപ്പി പോലെയുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
പുറം തൊഴിലുകളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവര്‍ത്തനങ്ങള്‍ യുവജന, സാംസ്കാരിക, സാമൂഹിക സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ഏറ്റെടുക്കാവുന്നതാണ്.
നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങള്‍ കഴിക്കാനും നിര്‍ദേശിക്കുന്നു.
നിര്‍ജ്ജലീകരണം തടയാന്‍ ഒആര്‍എസ് ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
വളര്‍ത്തു മൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പു വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ചൂട് മൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ പ്രതിരോധിക്കുന്നതിനായുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കാഴ്ച പരിമിതര്‍ക്കായി ബ്രെയില്‍ മെറ്റീരിയലുകളില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചൂട് വര്‍ധിക്കുന്ന മുഴുവന്‍ ജില്ലകളിലും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം.