മനുഷ്യന്റെ തള്ളവിരലിനേക്കാള്‍ കുറഞ്ഞ വീതിയുള്ള തലയുമായി ‘കുഞ്ഞന്‍ ദിനോസര്‍ പക്ഷി’; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം: വീഡിയോ
പ്രകൃതിയിലെ വിസ്മയങ്ങള്‍ പലപ്പോഴും മനുഷ്യന്റെ ചിന്തകള്‍ക്കും വിചാരങ്ങള്‍ക്കുമൊക്കെ അപ്പുറത്താണ്. എങ്കിലും പ്രകൃതിയെക്കുറിച്ചും പ്രകൃതിയിലെ ജീവജാലങ്ങളെക്കുറിച്ചുമുള്ള പഠനങ്ങള്‍ മനുഷ്യര്‍ തുടരുന്നു. പുത്തന്‍ പുതിയ കണ്ടെത്തലുകള്‍ ശാസ്ത്രലോകം നടത്തിക്കൊണ്ടേയിരിക്കുന്നു. ശാസ്ത്രലോകത്ത് ശ്രദ്ധ നേടുന്നതും ഇത്തരത്തിലുള്ള ഒരു നൂതന കണ്ടെത്തലാണ്.
99 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹമ്മിംഗ് ബേര്‍ഡിനേക്കാള്‍ ചെറുതായ ദിനോസറുകള്‍ ജീവിച്ചിരുന്നു എന്നതാണ് പുതിയ കണ്ടെത്തല്‍. റെക്കോര്‍ഡ് ചെയ്യപ്പെട്ടവയില്‍ വെച്ച് ഏറ്റവും ചെറിയ ഇനം ദിനോസറാണ് ഇവ. കുഞ്ഞന്‍ ദിനോസറിന്റെ തലയോട്ടിയാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ഒരു മരത്തിന്റെ കട്ടിയുള്ള റെസിനുള്ളില്‍(മരക്കറ) നിന്നുമാണ് കുഞ്ഞന്‍ ദിനോസറിന്റെ തലയോട്ടി ഗവേഷകര്‍ക്ക് ലഭിച്ചത്. 14.25 മില്ലീമീറ്റര്‍ മാത്രമാണ് തലയോട്ടിയുടെ വലിപ്പും. മനുഷ്യന്റെ തള്ളവിരലിനേക്കാള്‍ വീതി കുറവാണ് ഈ തലയോട്ടിക്ക്. പ്രാചീന കാലത്തെ ചെറിയ ജീവികളുടെ ഫോസിലുകളെക്കുറിച്ചുള്ള പഠനത്തിന് ഈ കുഞ്ഞന്‍ ദിനോസര്‍ തലയോട്ടി സഹായകരമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
ലോസ് ഏഞ്ചല്‍സ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം റിസേര്‍ച്ച് ആന്‍ഡ് കളക്ഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ ലൂയിസ് ചിയാപ്പെയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ദിനോസറിയന്‍ വിഭാഗത്തില്‍പ്പെടുന്ന പല്ലുള്ള പക്ഷിയുടെ ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒകുലുഡെന്റാവീസ് ഖൗന്‍ഗ്രേ എന്നാണ് ഈ ദിനോസര്‍പക്ഷിക്ക് നല്‍കിയിരിക്കുന്ന പേര്.