ടെക്‌നോപാർക്കിൽ കടുത്ത സന്ദർശന നിയന്ത്രണം; ഇന്ന് മുതൽ തെർമൽ സ്കാനിങ്
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ടെക്‌നോപാർക്കിൽ ഇന്ന് മുതൽ തെർമൽ സ്കാനിങ് ആരംഭിച്ചു. സ്കാനിങ്ങിൽ ശരീര ഊഷ്മാവ് സാധാരണ നിലയിലും കൂടിയതായി കണ്ടെത്തുന്ന വ്യക്തികളെ വിശദമായ പരിശോധനകൾക്ക് വിധേയരാക്കും. രാജ്യത്ത് കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം തെർമൽ സ്കാനിങ്ങിനായി ആളുകളെ ക്യൂ നിർത്തുന്നതിനെതിരെയും സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ടെക്‌നോപാർക്കിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് ടെക്‌നോപാർക്ക് സിഇഒ പി എം ശശി ഇന്നലെ വൈകിട്ട് എല്ലാ കമ്പനികൾക്കും അറിയിപ്പ് നൽകിയിരുന്നു.
ഇന്ന് മുതൽ സന്ദർശകർക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കൊഴികെ സന്ദർശകരെ അകത്തേക്ക് കടത്തിവിടില്ല. അതോടൊപ്പം ടെക്‌നോപാർക്കിലെ ജിംനേഷ്യം സെന്ററുകൾ അനശ്ചിതകാലത്തേക്ക് അടച്ചിടുന്നതിനും ഉത്തരവായി.
രോഗം പടരുന്ന സാഹചര്യത്തിൽ നിരവധി ഓഫീസുകൾ താത്കാലികമായി അടച്ചു. നിരവധി സ്ഥാപങ്ങൾ വർക്ക് ഫ്രം ഹോമും ഏർപ്പെടുത്തിയിട്ടുണ്ട്.