കൊവിഡ് 19: ദന്താശുപത്രിയിലെത്തുന്നവര്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍

March 16, 2020

ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. ചൈനയിലെ വുഹാനില്‍ പടര്‍ന്നുതുടങ്ങിയ കൊവിഡ് 19 ഇന്ന് നൂറിലധികം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. ഇതിനോടകംതന്നെ ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. കൊവിഡ് 19 രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ കേരളത്തിലും നടപ്പിലാക്കുന്നുണ്ട്. വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ ദന്താശുപത്രികള്‍ പോലെയുള്ള ഇടങ്ങളില്‍ പലര്‍ക്കും പോകേണ്ടിവരും. ദന്താശുപത്രികള്‍ സന്ദര്‍ശിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുകയാണ് ഡോ. മണികണ്ഠന്‍ ജി.ആര്‍.

  1. പനി, ചുമ, ജലദോഷം, ശ്വാസംമുട്ട്, തൊണ്ടവേദന, ക്ഷീണം, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ഡോക്ടറെ കൃത്യമായി അറിയിക്കുക.
    2.ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി എതെങ്കിലും വിദേശ രാജ്യത്ത് നിന്ന് അടുത്തു വരികയോ അങ്ങനെ വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യവും ഡോക്ടറോട് പങ്കുവയ്ക്കുക.
  2. സൂക്ഷ്മ ജലകണികകള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ചില ചികിത്സകള്‍ അടിയന്തരമല്ലാത്ത പക്ഷം മറ്റൊരവസരത്തിലേയ്ക്ക് മാറ്റി വയ്ക്കാന്‍ ഡോക്ടര്‍ പറയുമ്പോള്‍ സഹകരിക്കുക.
  3. കൈയില്‍ എപ്പോഴും ലിക്വിഡ് സോപ്പോ കൈ ശുചീകരണ ലായനികളോ കരുതാം. ഡെന്റല്‍ ക്ലിനിക്കിന്റെ വാതില്‍പ്പിടിയില്‍ തൊടും മുമ്പ് കൈ വൃത്തിയാക്കാം. നിങ്ങളുടെ കൈയിലെ അണുക്കള്‍ പിടിയിലേയ്ക്ക് പകരുന്നത് തടയാം. വാതില്‍ തുറന്നതിന് ശേഷം വീണ്ടും കൈകള്‍ വൃത്തിയാക്കാം. തിരികെ ഇറങ്ങുമ്പോഴും ഇത് രണ്ട് തവണ ചെയ്യുക.
  4. എപ്പോഴും ഒരു വൃത്തിയുള്ള തൂവാല കയ്യില്‍ കരുതുക. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താല്‍ തൂവാല കൊണ്ട് അല്ലെങ്കില്‍ കൈയുടെ പുറം ഭാഗം കൊണ്ട് വായ പൊത്തുക. കൈ വെള്ളയിലേയ്ക്ക് തുമ്മാതിരിക്കുക.
  5. ദിവസവും രണ്ടു നേരം വൃത്തിയായി പല്ല് തേയ്ക്കുക. പല്ലിട ശുചീകരണ ഉപാധികള്‍ കൊണ്ട് പല്ലിനിടയിലെ അഴുക്ക് നീക്കം ചെയ്യുക.
  6. ദന്താശുപത്രിയിലേയ്ക്ക് പോകുന്നതിന് മുന്‍പും പിന്‍പും കുളിക്കുക.
  7. ചികിത്സയ്ക്കിടയില്‍ കുലുക്കുഴിയാനോ തുപ്പാനോ പറയുമ്പോള്‍ മെല്ലെ ക്ഷമാപൂര്‍വം ചെയ്യുക. തുപ്പല്‍ നാലുപാടും തെറിക്കുന്ന രീതിയില്‍ കാര്‍ക്കിച്ചു തുപ്പരുത്.
  8. അനാവശ്യമായി ദന്തല്‍ ചെയറിലെ ഒരു ഭാഗത്തും സ്പര്‍ശിക്കരുത്. പല്ലെടുത്ത രോഗികള്‍ രക്തം പുരണ്ട പഞ്ഞി അലക്ഷ്യമായി വലിച്ചെറിയരുത്. ആ പഞ്ഞിയില്‍ തൊട്ട കൈവിരലുകള്‍. വൃത്തിയാക്കാതെ വീണ്ടും ദന്തല്‍ ചെയറിലോ മേശയിലോ മറ്റേതെങ്കിലും പ്രതലത്തിലോ തൊടരുത്.
  9. കഴിവതും വീട്ടിലെ പ്രായമുള്ളവരെയും കുട്ടികളെയും ശ്വാസകോശ സംബന്ധമായ അസുഖമുളളവരെയും അവരുടെ ചികിത്സയ്ക്കായല്ലെങ്കില്‍ ഒപ്പം കൊണ്ടു വരാതിരിക്കുക.
  10. പല്ലു വേദനയുണ്ടെങ്കില്‍ യഥാസമയം ചികിത്സിക്കുക. അനാവശ്യമായി ഇടയ്ക്കിടെ പല്ലില്‍ തൊട്ടു നോക്കരുത്.
  11. ടൂത്ത് ബ്രഷ് എല്ലാ ദിവസവും ഇളം ചൂടുവെള്ളത്തില്‍ മുക്കിയതിന് ശേഷം ബ്രഷ് ചെയ്യുക. പാറ്റ ,പല്ലി പോലുള്ളവയ്ക്ക് എത്താന്‍ കഴിയാത്തയിടത്ത് വേണം ബ്രഷ് സൂക്ഷിക്കാന്‍.
  12. അപ്പോയിന്‍മെന്റ് കൃത്യസമയം പാലിച്ചെത്തുക. അനാവശ്യ തിരക്ക് ഒഴിവാക്കാന്‍ ഇത് സഹായിക്കും
  13. പേടിക്കേണ്ട കാര്യമില്ല, ജാഗ്രതയാണ് മുഖ്യം. ദന്തക്രമീകരണം, മോണരോഗശസ്ത്രക്രിയ, തുടങ്ങിയവയ്‌ക്കൊക്കെ തുടര്‍ചികിത്സകള്‍ വളരെ പ്രാധാന്യമുള്ളതാണ്. അതിനാല്‍ അനാവശ്യ ഉത്കണ്ഠ കാരണം അവ മാറ്റിവയ്‌ക്കേണ്ടതില്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് ജാഗ്രതയോടെ മുന്നോട്ട് പോകാം.

വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. മണികണ്ഠന്‍ ജി.ആര്‍ (കണ്‍സള്‍ട്ടന്റ് പെരിയോഡോണ്ടിസ്റ്റ്, ബി.ആര്‍ ഹോസ്പിറ്റല്‍, ചാത്തന്നൂര്‍)