കൊവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ മൂന്നാറിലെത്തിയത് കൊച്ചിയില്‍ നിന്ന്: സഞ്ചരിച്ച വഴി ഇങ്ങനെ
കൊവിഡ് 19 നെതിരെ ജാഗ്രതയും പ്രതിരോധവും കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാനം. കൊച്ചി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ ബ്രിട്ടീഷ് പൗരനും കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് പ്രതിരോധം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. മൂന്നാറില്‍ നിരീക്ഷണത്തിലായിരിക്കെയാണ് വിദേശി അധികൃതരുടെ കണ്ണുവെട്ടിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പേ ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.
മാര്‍ച്ച് ഏഴിനാണ് ബ്രിട്ടീഷ് പൗരന്‍ മൂന്നാറിലെത്തിയത്. ഇയാള്‍ക്കൊപ്പം മറ്റ് 18 പേരു കൂടിയുണ്ട് സംഘത്തില്‍. അവധി ആഘോഷിക്കാനായെത്തിയതാണ് സംഘം. മൂന്നാര്‍ ടീ കൗണ്ടിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ 10-ാം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു.
രോഗബാധിതനായ യു കെ പൗരന്‍ കൊച്ചിയില്‍ തങ്ങിയിട്ടുണ്ട്. ഇവര്‍ ചെറുതുരുത്തിയിലും അതിപ്പള്ളിയിലും സന്ദര്‍ശനത്തിന് പോയി. മാര്‍ച്ച് ആറിന് കൊച്ചി കാസിനോ ഹോട്ടലില്‍ തങ്ങിയിട്ടുണ്ട്. അതേസമയം മൂന്നാറില്‍ വിദേശി സംഘം തങ്ങിയ ടീ കൗണ്ടി ഹോട്ടല്‍ അടച്ചു. ജീവനക്കാരും ഐസൊലേഷനിലാണ്.