ഉണ്ണി മുകുന്ദന് സുന്ദരമായി പാടി; ‘മസിലളിയാ… പാട്ടുകാരുടെ കഞ്ഞിയില്‍ പാറ്റയിടല്ലേ’ എന്ന് ആരാധകന്
വെള്ളിത്തിരയില്‍ മാത്രമല്ല ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. പലപ്പോഴും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോയും അതിന് ആരാധകരില്‍ ഒരാള്‍ നല്കിയ കമന്റുമാണ് ശ്രദ്ധ നേടുന്നത്.
‘സഹോദരതുല്യനായ ഷമീര്‍ മുഹമ്മദിനൊപ്പം’ എന്നു കുറിച്ചുകൊണ്ടാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. ഉണ്ണി മുകുന്ദന്റെ പാട്ടിനൊപ്പം മനോഹരമായി താളംപിടിക്കുന്ന ഷമീറിനെയും വീഡിയോയില്‍ കാണാം. ഗംഭീരമായാണ് ഉണ്ണി മുകുന്ദന് പാടുന്നതും. രസകരമായ നിരവധി കമന്റുകളും പാട്ടിനെ തേടിയെത്തുന്നുണ്ട്. ‘മനോഹരം’ എന്നാണ് കൂടുതല്‍ ആളുകളും നല്കുന്ന കമന്റ്. ‘മസിലളിയാ പാട്ടുകാരുടെ കഞ്ഞിയില്‍ പാറ്റയിടല്ലേ…’ എന്ന കമന്റുമെത്തി താരത്തിന്റെ പാട്ടിന്.
പാട്ടുപാടി മുന്‍പും ഉണ്ണി മുകുന്ദന് സമൂഹമാധ്യമങ്ങളില്‍ താരമായിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തിയ ‘ഷൈലോക്ക്’ എന്ന ചിത്രത്തിലെ പ്രൊമോ ഗാനം ആലപിച്ചതും ഉണ്ണി മുകുന്ദനാണ്.
മലയാളത്തിനു പറമെ തമിഴിലും ഉണ്ണി മുകുന്ദന് ശ്രദ്ധേയനാണ്. തമിഴ് ചിത്രമായ ‘സീടനി’ലൂടെയായിരുന്ന ചലച്ചിത്ര രംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ‘മല്ലു സിംഗ്’, ‘തത്സമയം ഒരു പെണ്‍കുട്ടി’, ‘തീവ്രം’, ‘ഏഴാം സൂര്യന്’, ‘വിക്രമാധിത്യന്’, ‘രാജാധിരാജ’, ‘തരംഗം’, ‘ഒരു വടക്കന്‍ സെല്‍ഫി’, ‘മിഖായേല്‍’, ‘മാമാങ്കം’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ മികച്ചു നില്ക്കുന്നു.