“നിന്നെ കാണുന്നതിനും മുന്‍പേ എന്റെ ആദ്യ ചിത്രത്തില്‍ നിന്റെ പേരിലുള്ള ആ പാട്ട് ഞാന്‍ മൂളി”: ഭാര്യ പ്രിയയോട് കുഞ്ചാക്കോ ബോബന്
‘ഓ പ്രിയേ.. പ്രിയേ നിനക്കൊരു ഗാനം..
ഓ.. പ്രിയേ..എന്‍ പ്രാണനിലുണരും ഗാനം.. .’ എത്ര കേട്ടാലും മതിവരാത്ത സുന്ദര ഗാനം പിറന്നിട്ട് വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടു. പ്രണയനായകനായി കുഞ്ചാക്കോ ബോബന് വെള്ളിത്തിരയില്‍ പ്രേക്ഷകമനം കവര്‍ന്നു തുടങ്ങിയതും ഈ പാട്ടിലൂടെയാണ്. 1997-ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച അനിയത്തിപ്രാവ് എന്ന ചിത്രത്തിലേതാണ് ഈഗാനം. ഈ സിനിമയിലൂടെത്തന്നെയായിരുന്നു നായകനായിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റവും.
ഈ പാട്ടിനെക്കുറിച്ച് ഓര്‍ത്തെടുത്തിരിക്കുകയാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ താരം. പാട്ടിലെ വരികളില്‍ നിറഞ്ഞു നില്ക്കുന്ന ‘പ്രിയ’ എന്നതു തന്നെയാണ് കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ പേരും. ഏപ്രില്‍ രണ്ടിനായിരുന്നു ഇരുവരുടേയും പതിനഞ്ചാം വിവാഹ വാര്‍ഷികം. ഇതിനോട് അനുബന്ധിച്ചാണ് കുഞ്ചാക്കോ ബോബന് പഴയ ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
”പതിനഞ്ച് വര്‍ഷമായി നിന്നോടുള്ള സ്നേഹത്തിന്റെ ക്വാറന്റീനിലാണ് ഞാന്‍. അതെനിക്കെന്നും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ 22 വര്‍ഷമായി നമുക്ക് പരസ്പരം അറിയം. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യങ്ങളില്‍ ഒന്നാണ് നീ.”
“നിന്നെ കാണുന്നതിനും മുമ്പാണ്… എന്റെ ആദ്യ ചിത്രത്തില്‍ നിന്റെ പേരിലുള്ള ആ പാട്ട് ഞാന്‍ മൂളുന്നത്. അന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല എന്റെ ജീവിതപങ്കാളിയുടെ പേരാണ് അതെന്ന്.” കുഞ്ചാക്കോ ബോബന് കുറിച്ചു. 2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടേയും വിവാഹം.