മരണം കവര്‍ന്ന ശശി കലിംഗയുടെ മുഖം പപ്പായയില്‍; ആദരമര്‍പ്പിച്ച് ഡാവിഞ്ചി സുരേഷ്
വെള്ളിത്തിരയില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന് പകര്‍ന്ന ശശി കലിംഗയുടെ മരണവാര്‍ത്ത കേട്ടുകൊണ്ടായിരുന്നു ഇന്നലെ കേരളം ഉണര്‍ന്നത്. ഏപ്രില്‍ ഏഴിന് പുലര്‍ച്ചെയാണ് താരം മരണത്തിന് കീഴടങ്ങിയത്. 59 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു താരം. സിനിമാ പ്രവര്‍ത്തകരടക്കം നിരവധിപ്പേരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
ഒരു പപ്പായയില്‍ ശശി കലിംഗയുടെ മുഖം ഒരുക്കിയാണ് ശില്പിയായ ഡാവിഞ്ചി സുരേഷ് താരത്തിന് ആദരം അര്‍പ്പിച്ചത്. ഒരു ബ്ലേഡ് ഉപയോഗിച്ച് മിനിറ്റുകള്‍ക്കൊണ്ട് കലാകാരന് ശശി കലിംഗയുടെ മുഖം പപ്പായയില്‍ തീര്‍ത്തു.
നാടകവേദിയില്‍ നിന്നുമാണ് ശശി കലിംഗ സിനിമയിലേയ്ക്ക് എത്തിയത്. വി ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. നാട്ടിലും വീട്ടിലും ശശി എന്നറിയപ്പെട്ട താരത്തിന് സംവിധായകന് രഞ്ജിത്ത് ആണ് നാടക ട്രൂപ്പായ കലിംഗയുടെ പേര് ഒപ്പം ചേര്‍ത്തു നല്‍കിയത്. അങ്ങനെ ചലച്ചിത്രരംഗത്ത് ശശി കലിംഗ എന്നായി. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് സജീവമായിരുന്നു താരം.
Read more: വരന് മുംബൈയില്‍, വധു ഡല്‍ഹിയിലും ലോക്ക് ഡൗണ്‍ കാലത്ത് ഓണ്‍ലൈനില്‍ ഒരു വിവാഹം
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ‘പാലേരിമാണിക്യം, ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലൂടെയാണ് ശശി കലിംഗ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സ്വയസിദ്ധമായ ചിരിയും സംഭാഷണ ശൈലിയുമൊക്കെ അദ്ദേഹത്തെ വെള്ളിത്തിരയില്‍ ശ്രദ്ധേയനാക്കി.
നൂറിലധികം മലയാള സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട് താരം. ‘പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ് സെയിന്റ്’, ‘കസബ’, ‘ആമേന്‍’, ‘പുലിമുരുകന്’, ‘ഇന്ത്യന്‍ റുപ്പി’, ‘അമര്‍ അക്ബര്‍ ആന്റണി’ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2019-ല്‍ തിയേറ്ററുകളിലെത്തിയ ‘കുട്ടിമാമ’ എന്ന ചിത്രത്തിലാണ് താരം അവസാനമായി വേഷമിട്ടത്.