104- ആം വയസിൽ കൊവിഡ് ഭേദമായ മുത്തശ്ശി പറയും ഭയം വേണ്ട ജാഗ്രത മതി

കൊവിഡ്-19 വ്യാപനം തുടരുകയാണ്. മരണ സംഖ്യ ഉയരുന്നതും രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പക്ഷെ അതിനിടയിൽ നിന്നും ഏറെ ആശ്വാസം പകരുകയാണ് ചില വാർത്തകൾ. 104- ആം വയസിൽ കൊവിഡ് ഭേദമായ വെറ മുള്ള എന്ന മുത്തശ്ശിയാണ് സമൂഹമാധ്യമങ്ങളിൽ ആശ്വാസം പകരുന്നത്.
മാര്‍ച്ച് 25 നാണ് മുത്തശ്ശിക്ക് കൊവിഡ് ലക്ഷണങ്ങള്‍ കാണുന്നത്. ചെറിയ ചുമയായിരുന്നു തുടക്കം. പിന്നീട് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. കഴിഞ്ഞ 13 വർഷങ്ങളായി ഹെൽത്ത് കെയർ ഹോമിൽ താമസിക്കുന്ന വെറ മുത്തശ്ശിയെ കാണാൻ മക്കളും കൊച്ചുമക്കളും ഇടക്കിടെ വരും. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുമ്പോഴും മക്കൾ വെറയെ കാണാൻ എത്തി. പക്ഷെ ഒരു ചില്ലുകൂട്ടിനപ്പുറം നിന്ന് പരസ്പരം ഇവർ കണ്ടു. കൃത്യമായ പരിചരണത്തിലൂടെ വെറ മുള്ള എന്ന മുത്തശ്ശി രോഗത്തെ കീഴടക്കി.
മാർച്ച് 23 നാണ് വെറ മുത്തശ്ശിക്ക് 104 വയസ് തികഞ്ഞത്. ഇത്തവണ ആഘോഷങ്ങൾ ഇല്ലെങ്കിലും ഫോണിലൂടെ വിളിച്ച് എല്ലാവരും പിറന്നാൾ ആശംസകൾ പങ്കുവെച്ചു. 104 ആം വയസിൽ രോഗത്തെ കീഴടക്കിയ വെറ മുത്തശ്ശി ലോകത്തിന് മുഴുവൻ ആശ്വാസം പകരുകയാണ്.