കണ്ണൂരില്‍ കര്‍ശന നിയന്ത്രണം; ജില്ലയില്‍ 24 ഹോട്ട്‌സ്‌പോട്ടുകള്‍

April 23, 2020

കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. അഞ്ച് മുന്‍സിപ്പാലിറ്റികളും 19 പഞ്ചായത്തുകളും അടക്കം 24 ഹോട്ട്‌സ്‌പോട്ടുകളാണ് കണ്ണൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൂത്തുപറമ്പ്, ഇരിട്ടി, തലശ്ശേരി, പാനൂര്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റികളും മാടായി, പാട്യം, പെരളശ്ശേരി, നടുവില്‍, ചപ്പാരപ്പടവ്, കോട്ടയം, ചിറ്റാരിപ്പറമ്പ്, കുന്നോത്തുപറമ്പ്, പാപ്പിനശ്ശേരി, ചെമ്പിലോട്, മാട്ടൂല്‍, എരുവശ്ശേരി, കൂടാളി, മാങ്ങാട്ടിടം, ഏഴോം, ന്യൂമാഹി, പന്ന്യന്നൂര്‍, മുഴുപ്പിലങ്ങാട്, മൊകേരി എന്നി പഞ്ചായത്തുകളുമാണ് ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍.

ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ഇടങ്ങളില്‍ പ്രത്യേക അനുവാദം നല്‍കിയിട്ടുള്ള മെഡിക്കല്‍ ഷോപ്പുകള്‍ക്കല്ലാതെ മറ്റൊരു വ്യാപാര സ്ഥാപനങ്ങള്‍ക്കും തുറക്കാന്‍ അനുമതിയില്ല. ബാങ്കുകളും പ്രവര്‍ത്തിക്കില്ല. ഹോം ഡെലിവറി വഴിയായിരിക്കും അവശ്യസാധങ്ങള്‍ വാങ്ങാന്‍ സാധിക്കുക. അത്യാവശ്യമുള്ള കടകള്‍ തുറക്കുമെങ്കിലും കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ അനുവാദമില്ല. റേഷന്‍ ഷോപ്പുകളില്‍ നിന്നും ഹോം ഡെലിവറിയിലൂടെയായിരിക്കും സാധനങ്ങള്‍ വിതരണം ചെയ്യുക.

സാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഇവരെ പൊലീസ് തടയില്ല. ആരോഗ്യ വകുപ്പ് ജീവനക്കാര്‍, അവശ്യ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍, ജില്ലാ കലക്ടറുടെയോ ജില്ലാ പോലിസ് മേധാവിയുടെയോ പാസ്സുള്ള വളണ്ടിയര്‍മാര്‍ തുടങ്ങിയവരെയും യാത്ര ചെയ്യാന്‍ പൊലിസ് അനുവദിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്കും ഹോട്ട്‌സ്‌പോട്ടുകളില്‍ വിലക്കില്ല എന്നും കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വ്യക്തമാക്കിയിട്ടുണ്ട്.