അമിതാഭ് ബച്ചന്റെ സൺഗ്ലാസ് അന്വേഷിച്ച് ലാലേട്ടനും മമ്മൂക്കയും; ശ്രദ്ധനേടി ഒരു കൊവിഡ് കാല ഷോർട് ഫിലിം

April 7, 2020

കൊവിഡ്-19 പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ശരിയായ ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ മുൻനിര സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധിയാളുകൾ ബോധവത്കരണ വീഡിയോകളുമായി രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയിലെ നിരവധി മുൻനിര താരങ്ങൾ പ്രത്യക്ഷപ്പെടുന്ന ഒരു ഹ്രസ്വ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

പ്രസൂൺ പാണ്ഡെയാണ് ‘മേയ്ഡ് അറ്റ് ഹോം’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ തയാറാക്കിയിരിക്കുന്നത്. കല്യാൺ ജ്വല്ലേഴ്‌സും സോണി പിക്ചേഴ്സും ചേർന്നാണ് നിർമാണം. കൊറോണക്കാലത്ത് ജനങ്ങളിൽ കൃത്യമായ ബോധവത്കരണം സൃഷ്ടിക്കുക, സിനിമ മേഖലയിൽ ജോലിചെയ്യുന്ന ദിവസവേതനക്കാരെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

അമിതാഭ് ബച്ചൻ, രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, രൺബീർ കപൂർ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, സൊനാലി കുൽക്കർണി, പ്രൊസെൻജിത് ചാറ്റർജി, ശിവ രാജ്‌കുമാർ, ദിൽജിത് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.