ഐസൊലേഷൻ വാർഡിൽ ഒന്നാം പിറന്നാൾ ആഘോഷിച്ച് ആയിഷ

April 19, 2020

കാസർകോട് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ഒന്നാം പിറന്നാൾ ആഘോഷിച്ച് ആയിഷ കിഫ. നേഴ്‌സുമാരുടെയും ഡോക്ടർമാരുടെയും നേതൃത്വത്തിലാണ് കുഞ്ഞ് ആയിഷ പിറന്നാൾ ആഘോഷിച്ചത്. കൊവിഡ് ബാധിതരായ മാതാപിതാക്കൾക്കൊപ്പമാണ് ആയിഷ ആശുപത്രിയിൽ കഴിയുന്നത്. മാർച്ച് 27 നാണ് കൊവിഡിനെ തുടർന്ന് ആയിഷയുടെ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ചയായിരുന്നു കുഞ്ഞിന്റെ പിറന്നാൾ. കുഞ്ഞിന്റെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും മാതാപിതാക്കളുടെ കൂടെ ആശുപത്രിയിൽ നിർത്തേണ്ടിവന്നു.

‘ആശുപത്രിയിൽ ആയിരുന്നതിനാൽ പിറന്നാൾ ആഘോഷം നടക്കില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ തികച്ചും സർപ്രൈസ് ആയാണ് ആശുപത്രി ജീവനക്കാർ പിറന്നാൾ ആഘോഷിച്ചത്. അതോടൊപ്പം കുഞ്ഞിന്റെ പിറന്നാൾ ആഘോഷമാക്കിയ ആശുപത്രി ജീവനക്കാർക്ക് ഒരുപാട് നന്ദി’ ആയിഷയുടെ പിതാവ് കബീർ പറഞ്ഞു.