ചെക്ക് അണുവിമുക്തമാക്കാൻ ഒരു വ്യത്യസ്ത ഐഡിയ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഏറെ കരുതലോടെയാണ് ആളുകൾ ഓരോ ചുവടുകളും മുന്നോട്ട് വയ്ക്കുന്നത്. അവശ്യസേവങ്ങൾക്ക് മാത്രമാണ് ലോക്ക് ഡൗൺ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി. ഇതിൽ ഉൾപ്പെടുന്നതാണ് ബാങ്കിങ് മേഖല.
ബാങ്കിൽ ആളുകളുമായി ഇടപഴകുമ്പോൾ മാസ്കും ഗ്ലൗസും ജീവനക്കാർ നിർബന്ധമായും ധരിക്കണം. അതിന് പുറമെ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാനും നിർദ്ദേശങ്ങൾ ഉണ്ട്. സാമൂഹിക അകലം പാലിക്കുന്നതിന് പുറമെ ആരോഗ്യകാര്യത്തിൽ കൃത്യമായ മുൻ കരുതലും ഈ ദിവസങ്ങളിൽ ആവശ്യമാണ്. ഇപ്പോഴിതാ വൈറസ് ബാധയിൽ നിന്നും സ്വയരക്ഷയ്ക്കായി പുതിയ മാർഗം സ്വീകരിച്ചിരിക്കുകയാണ് ഒരു ബാങ്കിങ് ജീവനക്കാരൻ.
ബാങ്കിൽ പണമിടപാടുകൾക്കായി എത്തുന്ന ആളുകളിൽ നിന്നും ചെക്കും ക്യാഷുമൊക്കെ കൊടിൽ ഉപയോഗിച്ച് വാങ്ങിക്കും. പിന്നീട് ഇവ ഇസ്തിരിപ്പെട്ടികൊണ്ട് തേച്ച ശേഷം മാത്രമാണ് ഇദ്ദേഹം ഇതിൽ സ്പർശിക്കുന്നത്.
In my #whatsappwonderbox I have no idea if the cashier’s technique is effective but you have to give him credit for his creativity! 😊 pic.twitter.com/yAkmAxzQJT
— anand mahindra (@anandmahindra) April 4, 2020
അതേസമയം ഇത്തരത്തിൽ അണുക്കളെ നശിപ്പിക്കാമെന്ന് ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്തായാലും ബാങ്ക് ജീവനക്കാരന്റെ ഈ വ്യത്യസ്തമായ ഐഡിയയ്ക്ക് നിറഞ്ഞ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ആനന്ദ് മഹീന്ദ്രയാണ് ഈ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.