പിറന്നാള്‍ നിറവില്‍ തെന്നിന്ത്യയുടെ നാദവിസ്മയം എസ് ജാനകിയമ്മ
സ്‌നേഹമാണ് സര്‍വോത്കൃഷ്ടം എന്ന് പറയാറുണ്ട്. സ്‌നേഹത്തോപ്പെലേ തന്നെ സുന്ദരമാണ് പാട്ടുകളും. ചില സങ്കടങ്ങളില്‍, ചില സന്തോഷങ്ങളില്‍ പാട്ടിനെ കൂട്ടുപിടിക്കാറുണ്ട് പലരും. സ്‌നേഹം പോലെതന്നെ മനുഷ്യന്‍റെ വികാരങ്ങളില്‍പ്പോലും സ്വാധീനം ചെലുത്താന്‍ പാട്ടിന് കഴിയുന്നു. എന്തിനേറെ പറയുന്ന മരുന്നായും സംഗീതം മാറാറുണ്ടല്ലോ. ഭാഷയുടേയും ദേശത്തിന്റേയുമെല്ലാം അതിര്‍ വരമ്പുകള്‍ ഭേദിച്ച നിത്യ സുന്ദര ഗാനങ്ങള്‍ ആസ്വാദകര്‍ എക്കാലവും നെഞ്ചോട് ചേര്‍ത്തു വയ്ക്കാറുണ്ട്. പാട്ടാളോം പ്രിയമുള്ള പാട്ടുകാരും മനസ്സില്‍ കുടിയിരിക്കും. തെന്നിന്ത്യയുടെ നാദവിസ്മയം എസ് ജാനകിയമ്മയും എത്രയോ മനസ്സുകളില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.
പാട്ടിന്റെ ആ നിത്യ സൗകുമാര്യത്തിന് ഇന്ന് പിറന്നാള്‍ ദിനം. 1938-ല്‍ ഗുണ്ടൂര്‍ ജില്ലയിലെ പള്ളപട്ടലയില്‍ ഏപ്രില്‍ 23-നായിരുന്നു ജാനകിയമ്മയുടെ ജനനം. ബാല്യകാലം മുതല്‍ക്കേ സംഗീതത്തെ സ്‌നേഹിച്ചു. 1957-ലാണ് ജാനകിയമ്മ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തമിഴിലായിരുന്നു തുടക്കം. ആ വര്‍ഷം തന്നെ അഞ്ച് ഭാഷാ ചിത്രങ്ങളില്‍ പാടി. ആ സ്വരം ജനഹൃദയങ്ങള്‍ ഏറ്റെടുത്തു.
മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ‘ഇരുള്‍ മൂടുകയോ എന്‍ വാഴ്വില്‍..’ എന്ന ഗാനത്തിലൂടെയായിരുന്നു മലയാളത്തിലേയ്ക്കുള്ള ജാനകിയമ്മയുടെ പ്രവേശനം. പിന്നീട് എത്രയെത്ര ഗാനങ്ങള്‍. ഓരോ തവണ ജാനകിയമ്മ പാടിത്തീര്‍ക്കുമ്പോഴും ആ പാട്ടുകളൊക്കെയും ആസ്വാദക ഹൃദയങ്ങളില്‍ വീണ്ടും വീണ്ടും അലയടിച്ചുകൊണ്ടിരുന്നു.
മലര്‍ക്കൊടി പോലെ… തുമ്പി വാ…., സന്ധ്യേ…., ആടി വാ കാറ്റേ…, കിളിയേ കിളിയേ…., മോഹം കൊണ്ടു ഞാന്‍…, വാസന്ത പഞ്ചമി നാളില്‍…, അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍…, താമരക്കുമ്പിളല്ലോ… തുടങ്ങി മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന നിരവധി ഗാനങ്ങള്‍ എസ് ജാനകിയമ്മയുടെ സ്വരമാധുരിയില്‍ പിറന്നവയാണ്. ജാനകിയമ്മയുടെ പാട്ടിന്റെ അകമ്പടിയോടെ ചിലര്‍ സുന്ദര സ്വപ്‌നങ്ങള്‍ക്കണ്ട് ഉറങ്ങി, ചിലര്‍ പ്രണയിച്ചുകൊണ്ടേയിരുന്നു. മറ്റുചിലരാകട്ടെ ആ പാട്ടുകളില്‍ സ്വയം മറന്ന് ലയിച്ചിരുന്നു.
നാല് തവണ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് ജാനകിയമ്മയ്ക്ക്. തമിഴ് ചിത്രമായ പതിനാറു വയതിനിലെ ‘സിന്ദൂരപ്പൂവേ…’ എന്ന ഗാനത്തിനാണ് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചത്. 1980-ല്‍ പുറത്തിറങ്ങിയ ഓപ്പോള്‍ എന്ന മലയാള ചിത്രത്തിലെ ‘ഏറ്റുമാനൂര്‍ അമ്പലത്തില്‍…’ എന്ന ഗാനത്തിനും ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണ ജാനകിയമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. തമിഴ് നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ഏഴ് തവണയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് 10 തവണയും ഈ പാട്ടുകാരി സ്വന്തമാക്കി. കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ടുപോകാത്ത സുന്ദരഗാനങ്ങളുടെ രാജകുമാരിക്ക് പിറന്നാള്‍ മംഗളങ്ങള്‍…