ലോക്ക് ഡൗണിൽ ദുരിതത്തിലായവരെ സഹായിക്കാൻ ഭൂമി വിറ്റ് 25 ലക്ഷം രൂപ നൽകി സഹോദരങ്ങൾ
കൊവിഡ് കാലത്ത് ദുരിതമനുഭവയ്ക്കുന്നവരെ സഹായിക്കാൻ എത്തുന്ന നിരവധി സുമനസുകളെ നാം കാണാറുണ്ട്. ഇപ്പോഴിതാ സ്വന്തം ഭൂമി വിറ്റ് മറ്റുള്ളവരുടെ വിശപ്പകറ്റാൻ ശ്രമിക്കുന്ന രണ്ട് സഹോദരങ്ങളാണ് സമൂഹമാധ്യമങ്ങളുടെ കൈയടി വാങ്ങുന്നത്.
കർണാടക കോളാർ സ്വദേശികളായ താജ്മുൾ പാഷ, മുസമിൽ പാഷ എന്നിവരാണ് തങ്ങൾക്ക് സ്വന്തമായുണ്ടായിരുന്ന ഭൂമി വിറ്റത്. ഇതിലൂടെ ലഭിച്ച 25 ലക്ഷം രൂപ ലോക്ക് ഡൗണിൽ വരുമാനമില്ലാതെ വലയുന്നവരുടെ വീട്ടിലേക്ക് ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വാങ്ങാൻ ഉപയോഗിച്ചിരിക്കുകയാണ് ഈ സഹോദരന്മാർ.
അരിയും അവശ്യവസ്തുക്കളും അടങ്ങുന്ന സാധനങ്ങൾ വാങ്ങിച്ച ശേഷം അത് സുഹൃത്തുക്കളുടെ സഹായത്തോടെ കിറ്റുകളാക്കി തിരിച്ച ശേഷം ആവശ്യക്കാർക്ക് നൽകുകയായിരുന്നു. ഇതിനോടകം 2,800 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ നൽകിക്കഴിഞ്ഞു. ഇതിന് പുറമെ വീടിനടുത്തത് കമ്യൂണിറ്റി കിച്ചൻ സ്ഥാപിച്ച ശേഷം വീടില്ലാത്തവർക്ക് ഭക്ഷണം നൽകുന്നതിനുള്ള സൗകര്യവും ഇവർ ഒരുക്കി. കമ്യൂണിറ്റി കിച്ചൺ വഴി 2000 പേർക്ക് ഇതുവരെ ആഹാരം ഇവർ നൽകി.
വളരെ ദാരിദ്ര്യം നിറഞ്ഞ കാലങ്ങളിലൂടെയാണ് ഇരുവരും വളർന്നുവന്നത്. ഈ സാഹചര്യത്തിൽ തങ്ങളെ സഹായിക്കാൻ നിരവധി സുമനസുകൾ എത്തിയിരുന്നു. അന്ന് തങ്ങൾ അനുഭവിച്ച മനുഷ്യത്വം ഇപ്പോൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നുവെന്നും താജ്മുൾ ഡെക്കാൻ ക്രോണിക്കിളിനോട് പറഞ്ഞു.