കൊറോണ വൈറസിനെതിരെയുള്ള മരുന്ന്; രണ്ടാം ഘട്ട ട്രയൽ ആരംഭിച്ചു
കൊറോണ വൈറസിനെതിരെയുള്ള മരുന്നുകളും വാക്സിനും കണ്ടത്താനുള്ള ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ. ഇതിനായുള്ള നിരവധി ശ്രമങ്ങളും നടത്തിവരുന്നുണ്ട്. ഇപ്പോഴിതാ കാനഡയിൽ പരീക്ഷണത്തിലായിരുന്ന എപിഎൻ–01 (ഹ്യൂമൻ റീകോംബിനന്റ് സോല്യൂബിൾ ആൻജിയോടെൻസിൽ) എന്ന മരുന്ന് കോവിഡ്–19 നെതിരെ ഫലപ്രദമാകുമെന്നാണ് പുതിയ കണ്ടെത്തൽ. ഇതിന്റെ ആദ്യഘട്ട പരീക്ഷണം വിജയം കണ്ടതായും രണ്ടാം ഘട്ട ട്രയൽ ആരംഭിച്ചതായും ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സാർസ് കൊറോണ വൈറസ്–2 മനുഷ്യന്റെ കോശത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ഈ മരുന്നിന് സാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ACE2 ലൂടെയാണ് സാർസ് വൈറസ് മനുഷ്യന്റെ കോശത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ടൊറാന്റോ യൂണിവേഴ്സിറ്റിയും ഓസ്ട്രേലിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യൂലാർ ബയോളജിയും വർഷങ്ങൾക്ക് മുൻപേ കണ്ടത്തിയിരുന്നു.
അതേസമയം എപിഎൻ01 ന്റെ രണ്ടാം ഘട്ട ട്രയൽ ആരംഭിക്കുന്നതിന് അംഗീകാരങ്ങൾ ലഭിച്ചുകഴിഞ്ഞു. ഓസ്ട്രിയ, ജർമനി, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നാണ് റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിച്ചത്. ഓസ്ട്രിയൻ ഇമ്യൂണോ ഓങ്കോളജി കമ്പനിയായ അപീറോൺ ബയോളജിക്സ് ആണ് ഇത് സംബന്ധിച്ച് വിവരങ്ങൾ അറിയിച്ചത്. ഗുരുതരമായി രോഗം ബാധിച്ച 200 കോവിഡ്-19 രോഗികൾക്ക് ചികിത്സ നൽകാനാണ് രണ്ടാം ഘട്ട ട്രയലിലൂടെ ഉദ്ദേശിക്കുന്നത്.
അതേസമയം ചൈനയിലെ വുഹാനിൽ ആരംഭിച്ച കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചുകഴിഞ്ഞു. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് രോഗബാധ തടയുന്നതിനായി ചെയ്യാൻ കഴിയുന്നത്. അതിനാൽ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.