കൊവിഡിനെ തുരത്താൻ കൊറോണ കാർ; കൈയടിച്ച് സോഷ്യൽ മീഡിയ
കൊറോണ വൈറസുമായി ബന്ധപ്പെട്ട് ജനങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി ബോധവത്കരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് ബോധവത്ക്കരണത്തിനായി കൊറോണ കാറുനിർമ്മിച്ച ഹൈദരാബാദ് സ്വദേശി കന്യാബോയിന സുധാകർ. ലോകത്തിലെ ഏറ്റവും വലിയ മുച്ചക്ര സൈക്കിള്‍ നിര്‍മാണത്തിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിൽ ഇടം നേടിയ വ്യക്തിയാണ് സുധാകർ.
കൊറോണ വൈറസിന്റെ രൂപത്തിലുള്ള കാര്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. പത്ത് ദിവസം കൊണ്ടാണ് കൊറോണ മാതൃകയിലുള്ള കാർ സുധാകർ നിർമിച്ചത്. 100 സി സി എന്‍ജിനുള്ള വാഹനത്തില്‍ ഒരു സീറ്റ് മാത്രമാണുള്ളത്. ആറു ചക്രങ്ങളാണ് വാഹനത്തിനുള്ളത്. പരമാവധി 40 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗത. കോറോണ വൈറസുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവർത്തനങ്ങൾക്കായി ഈ വാഹനം പൊലീസിന് കൈമാറാനാണ് സുധാകറിന്റെ തീരുമാനം.
സാമൂഹിക ബോധവത്കരണത്തിനായി നേരത്തെയും നിരവധി വാഹനങ്ങൾ സുധാകർ നിർമിച്ചിരുന്നു.