കൊവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം അനിവാര്യമാണെന്ന് പ്രധാനമന്ത്രി; ലോക്ക് ഡൗണ്‍ നീട്ടുമെന്ന് സൂചന

April 27, 2020

രാജ്യത്തു നിന്നും കൊറോണ വൈറസിനെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാമൂഹിക അകലം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്.

ദീര്‍ഘകാലത്തേയ്ക്ക് കൊവിഡ് ഉണ്ടാകുമെന്നും. കൊറോണ ഭീഷണി നിലനില്‍ക്കുന്നിടത്തോളം സാമൂഹിക അകലം എന്ന ഒറ്റകാര്യത്തില്‍ യാതൊരു വിട്ടുവിഴ്ചയുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മാസ്‌കുകള്‍ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

അതേസമയം ലോക്ക് ഡൗണ്‍ നീട്ടുമെന്നും സൂചന നല്‍കിയിട്ടുണ്ട് പ്രധാനമന്ത്രി. മെയ് മൂന്നിന് ശേഷവും രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടല്‍ തുടരുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പുറത്തെത്തിയിട്ടില്ല.

ഒന്‍പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന നിര്‍ദേശത്തെ അനുകൂലിച്ചു. രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നിര്‍ദേശത്തെ ഭാഗികമായി പിന്തുണയ്ക്കുകയും ചെയ്തു. അതേസമയം ലോക്ക്ഡൗണ് നീട്ടണമെന്ന് നേരത്തെ തന്നെ അഞ്ച് സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് കേരളം മുന്നോട്ടുവെച്ച നിര്‍ദ്ദേശം.