അകലങ്ങളിലിരുന്ന് പ്രിയ താരങ്ങൾ ‘കൊവിഡ് 19 ഫ്ളവേഴ്സ് 20’ വേദിയിൽ- പാട്ടും വിശേഷങ്ങളുമായി പക്രുവും സുദീപും ജാസി ഗിഫ്റ്റും..

കൊവിഡ് വ്യാപാരം ശക്തമായ സാഹചര്യത്തിൽ ചാനൽ പരിപാടികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. വീട്ടിൽ തന്നെ ആളുകൾ ഇരിക്കുന്ന സമയത്തിൽ പഴയ എപ്പിസോഡുകളും പരിപാടികളും ആവർത്തിക്കുന്നത് അല്പമെങ്കിലും മുഷിപ്പിക്കും. ഈ സാഹചര്യത്തിൽ നൂതന ആശയവുമായി എത്തിയിരിക്കുകയാണ് ഫ്ളവേഴ്സ്.
സാമൂഹിക അകലം പാലിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ് പ്രത്യേകിച്ച് ഈ സാഹചര്യത്തിൽ. ഈ അവസരത്തിൽ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് കലാകാരന്മാര് നേരിട്ട് കാണാതെ വിനോദപരിപാടികള്‍ ചിത്രീകരിക്കുകയാണ് ‘കൊവിഡ് 19 ഫ്ളവേഴ്സ് 20’ എന്ന പരിപാടി.
ഏപ്രിൽ പതിനഞ്ചിനു തുടക്കമിട്ട പരിപാടിയിൽ ആദ്യ അതിഥികളായി എത്തിയത് ഗിന്നസ് പക്രു, ഗായകൻ ജാസി ഗിഫ്റ്റ്, ഗായകൻ സുദീപ്, തുടങ്ങിയവരാണ്. വിശേഷങ്ങൾ പങ്കുവെച്ച് അവതാരിക അശ്വതി ശ്രീകാന്തും എത്തി.
ഫ്ളവേഴ്സ് മാനേജിങ് ഡയറക്ടർ ആർ ശ്രീകണ്ഠൻ നായരുമായി രസകരമായ വിശേഷങ്ങൾ താരങ്ങൾ പങ്കുവെച്ചു. പാട്ടിനേക്കാളുമധികം തമാശകളാണ് പരിപാടിയുടെ മുഖ്യ ആകർഷണീയത. വീട്ടിലെ വിശേഷങ്ങൾക്കൊപ്പം സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും വീടുകളിൽ കഴിയേണ്ടതിന്റെയും ആവശ്യകതയും താരങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചു. രാവിലെ ഒൻപതു മണിക്കാണ് ‘കൊവിഡ് 19 ഫ്ളവേഴ്സ് 20’ എന്ന ദൃശ്യ വിരുന്ന് സംപ്രേക്ഷണം ആരംഭിക്കുന്നത്.