കേരളത്തില്‍ 13 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

April 27, 2020
Covid 19

സംസ്ഥാനത്ത് 13 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ലവ്യക്തമാക്കിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ കോട്ടയത്തും 4 പേര്‍ ഇടുക്കി ജില്ലയിലുമുള്ളവരാണ്. പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം 13 ആളുകള്‍ ഇന്ന് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വിദേശത്തു നിന്ന് എത്തിയതും. എന്നാല്‍ ഒരാള്‍ക്ക് എങ്ങനെ രോഗം പകര്‍ന്നു എന്നത് വ്യക്തമായിട്ടില്ല. അത് പരിശോധിക്കുകയാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രോഗമുക്തരായവരില്‍ 6 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. കോഴിക്കോട് ജില്ലയിലെ നാലു പേരും തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ വീതവും രോഗത്തില്‍ നിന്നും മോചിതരായി.

സംസ്ഥാനത്ത് ഇതുവരെ 551 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 123 പേര്‍ ചികിത്സയിലുണ്ട്. 20301 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 489 പേര്‍ വിവിധ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്.